
ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. മൃതദേഹം ഇന്നലെ സംസ്കരിക്കാനുള്ള ഭര്‍ത്താവിന്റെ നീക്കം കോണ്‍സുലേറ്റ് തടഞ്ഞു. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. വിഷയത്തില്‍ ഇന്നും ചര്‍ച്ചകള്‍തുടരും.
അതിനിടെ വിപഞ്ചികയുടെ സഹോദരന് യുഎഇയിലെത്തിയിട്ടുണ്ട്. ഇന്ന് വിപഞ്ചികയുടെ സഹോദരനും അമ്മയും കോണ്‍സുല്‍ ജനറലിനെ നേരില്‍ കാണും. ഷാര്‍ജയില്‍ വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷിനെതിരെ പോലീസില്‍ പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. വിഷയത്തില്‍ വിപഞ്ചികയുടെ അമ്മ ഷൈലജ കോണ്‍സുലേറ്റിന്റെ അടിയന്തര ഇടപെടല്‍ തേടിയിരുന്നു. രണ്ടു മൃതദേഹങ്ങളും നാട്ടില്‍ എത്തിക്കണമെന്നും ഷാര്‍ജയിലുള്ള ഷൈലജ പറഞ്ഞു. സംസ്കാര ചടങ്ങിന് കൊണ്ടു വന്ന ശേഷം മൃതദേഹം തിരിച്ചു കൊണ്ടുപോയിരുന്നു.
ഷാര്‍ജയിലാണ് യുവതിയുടെയും കുഞ്ഞിന്റേയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ മറ്റൊരു പരാതി നേരിട്ട് നല്‍കാനാണ് ശൈലജയുടെ തീരുമാനം.