യുപിയിൽ വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിച്ചയച്ച പെൺസുഹൃത്തിനെ കാണാനായി പോയ യുവാവിനെ തല്ലിക്കൊന്ന് വീട്ടുകാർ

04:15 PM Oct 30, 2025 | Neha Nair

ലഖ്നൗ: വീട്ടുകാർ നിർബന്ധിച്ച് വിവാഹം കഴിച്ചയച്ച പെൺസുഹൃത്തിനെ കാണാനായി പോയ യുവാവിനെ തല്ലിക്കൊന്നു. ഉത്തർ പ്രദേശിലാണ് സംഭവം. 18കാരിയായ മനീഷയെ കാണാൻ ചെന്ന 35കാരനായ രവിയെ ആണ് വീട്ടുകാർ മൃഗീയമായി കൊലപ്പെടുത്തിയത്. ഇയാളെ പിടികൂടി കെട്ടിയിട്ട് വടി കൊണ്ട് അടിക്കുകയായിരുന്നു. ഈ ദാരുണ സംഭവത്തിൽ നാട്ടുകാരും വീട്ടുകാർക്കൊപ്പം നിന്നതായി അധികൃതർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ രവി വെള്ളം ചോദിച്ചപ്പോൾ നൽകിയില്ലെന്നും വൃത്തങ്ങൾ പറയുന്നു.

രവി കൊല്ലപ്പെട്ടതിന് ശേഷം സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ വീട്ടുകാർ ഇവർക്ക് മേൽ കൊലപാതകക്കുറ്റം ചുമത്താതിരിക്കാൻ തന്ത്രം മെനഞ്ഞുവെന്നും പൊലീസ് പറയുന്നു. ഇതിനായി പെൺകുട്ടിയുടെ അമ്മാവനായ പിന്റു എന്നയാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി വരുത്തിത്തീർത്തതായും പൊലീസ്. ഇതിന് ശേഷം വിവരം പൊലീസിൽ അറിയിച്ചു. പിന്നാലെ, രവിയെയും പിന്റുവിനെയും മൗദഹയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് രവി മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പിന്റുവിനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.

രവി മരിച്ചുവെന്ന് അറിഞ്ഞപ്പോൾ മനീഷയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മനീഷയും അമ്മാവനും ഇപ്പോഴും ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. പോലീസ് അവരെ മൗദാഹ പട്ടണത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. എന്നാൽ, പിന്റുവിനെ ആക്രമിച്ചത് രവിയാണെന്ന് കുടുംബം പറയുന്നു.

Trending :