തുറവൂർ : തുറവൂരിലെ വീട്ടമ്മയുടെ മൊബൈൽ ഫോണിൽ നിന്ന് ഒ.ടി.പി ഹാക്ക് ചെയ്ത് ഒരുലക്ഷം രൂപ തട്ടിയ യു.പി സ്വദേശി മുംബൈ ധാരാവി ചേരിയിൽ താമസക്കാരനായ അസാധ് ഖാനെ (25) പട്ടണക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഉത്രം വീട്ടിൽ റാണിമോളുടെ അക്കൗണ്ടിൽ നിന്ന് അഞ്ച് തവണയായി 96,312 രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
പ്രധാനമന്ത്രിയുടെ കിസാൻ പദ്ധതിയുമായി ബന്ധപ്പെട്ട് പഞ്ചായത്തിൻറെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന ഓൺലൈൻ ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നതിനിടെ അക്കൗണ്ട് ഹാക്ക് ചെയ്തായിരുന്നു തട്ടിപ്പ്. തുറവൂരിലെ സ്വകാര്യ ഡ്രൈവിംഗ് സ്കൂൾ ജീവനക്കാരിയാണ് റാണി മോൾ.
മൊബൈൽ ഫോൺ ഹാക്ക് ചെയ്ത് ഫ്ലിപ്കാർട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ വാങ്ങിയാണ് അസാധ് ഖാൻ വീട്ടമ്മയെ തട്ടിപ്പിനിരയാക്കിയത്. അഞ്ചു ഫോണുകൾ പലതവണയായി വീട്ടമ്മയുടെ ക്രെഡിറ്റ് കാർഡ് നമ്പർ ഉപയോഗിച്ച് ഓൺലൈനിൽ വാങ്ങുകയായിരുന്നു. ഇതോടെയാണ് പട്ടണക്കാട് പൊലീസിൽ റാണി മോൾ പരാതി നൽകിയത്.