+

കുടിയേറ്റത്തിനെതിരെ യുഎസ് കോണ്‍ഗ്രസ് അംഗത്തിന്റെ പോസ്റ്റ്, താങ്കളുടെ ഭാര്യ ഇന്ത്യക്കാരിയെന്ന് ഓര്‍ക്കണമെന്ന് വിമര്‍ശനം

പോസ്റ്റ് വന്‍തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.

ടെക്‌സസിലെ 26-ാമത് കോണ്‍ഗ്രഷണല്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ബ്രാന്‍ഡന്‍ ഗില്‍ പങ്കുവച്ച കുടിയേറ്റ വിരുദ്ധ പോസ്റ്റിന് വ്യാപക വിമര്‍ശനം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റ് വലിയ സംവാദത്തിന് തിരികൊളുത്തി. വിവിധ പ്ലാറ്റ്ഫോമുകളില്‍ ഉപയോക്താക്കളില്‍ നിന്ന് വലിയ വിമര്‍ശനമാണ് പോസ്റ്റ് ഏറ്റുവാങ്ങുന്നത്.
1960-കളിലെ കാലിഫോര്‍ണിയയും ഇന്നത്തെ കാലിഫോര്‍ണിയയും തമ്മിലുള്ള ഒരു താരതമ്യ ചിത്രമാണ് ബ്രാന്‍ഡന്‍ പോസ്റ്റില്‍ കാണിക്കുന്നത്. കുടിയേറ്റമാണ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അധഃപതനത്തിന് കാരണമെന്നായിരുന്നു ഗില്‍ പറയാന്‍ ശ്രമിച്ചത്. 1960-കളിലെ കാലിഫോര്‍ണിയയും ഇന്നത്തെ കാലിഫോര്‍ണിയയും. വന്‍തോതിലുള്ള കുടിയേറ്റം അമേരിക്കയെ തിരിച്ചറിയാന്‍ കഴിയാത്ത വിധം മാറ്റി എന്നായിരുന്നു രണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഗില്‍ കുറിച്ചത്.

ആദ്യ ചിത്രത്തില്‍ 1960-കളിലെ മനോഹരമായ ഒരു കടല്‍ത്തീര ദൃശ്യവും, രണ്ടാമത്തെ ചിത്രത്തില്‍ ലോസ് ആഞ്ചലസ് കലാപത്തിലെ ഒരു ഭയാനക നിമിഷവും ഉള്‍പ്പെടുത്തിയിരുന്നു. കലാപത്തിനിടെ തീജ്വാലകള്‍ക്ക് നടുവില്‍ ഒരു മെക്‌സിക്കന്‍ പതാക വീശുന്ന ഒരാളുടെ ചിത്രവും ഉണ്ടായിരുന്നു. പോസ്റ്റ് വന്‍തോതിലുള്ള വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു.
ഗില്ലിന്റെ ഭാര്യ ഇന്ത്യന്‍ വംശജയായ ഡാനിയേല്‍ ഡിസൂസയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ അദ്ദേഹത്തെ പരിഹസിച്ചു. 'നിങ്ങളുടെ ഭാര്യ ഒരു രണ്ടാം തലമുറ കുടിയേറ്റക്കാരിയാണ്' എന്നായിരുന്നു ഒരു കമന്റ്. 'നിങ്ങളുടെ ഭാര്യ ഒന്നാം തലമുറ കുടിയേറ്റക്കാരിയാണ്, നിങ്ങളുടെ ഭാര്യാപിതാവ് ഇന്ത്യയില്‍ നിന്നുള്ള ഒരു കുടിയേറ്റക്കാരനാണ്, അമേരിക്കയില്‍ ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയും എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.

facebook twitter