കണ്ണൂർ : സംസ്ഥാനത്ത് കോളേജുകൾ കേന്ദ്രീകരിച്ച് സ്പോർട്സ് കൗൺസിൽ രൂപീകരിക്കുമെന്നും ഉത്തരവ് അടുത്ത ദിവസം തന്നെ പുറത്തിറക്കുമെന്നും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒരു കോടി രൂപ ഉപയോഗിച്ച് നവീകരിച്ച ബ്രണ്ണൻ കോളേജിന്റെ കളിസ്ഥലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. യുവജനങ്ങളെ കായിക മേഖലയിൽ മുൻപന്തിയിൽ എത്തിക്കുന്നതിന് കോളേജ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കും. അഞ്ച് ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. കൂടുതൽ കായിക പരിശീലനങ്ങൾക്കുംവഴിയൊരുക്കും. വിദ്യാർത്ഥികളെ കായികക്ഷമതയുള്ളവരാക്കുകയാണ് ലക്ഷ്യം. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇതിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായി വരികയാണെന്നും മന്ത്രി പറഞ്ഞു.
കായിക മേഖലയിലെ തൊഴിൽ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ യുവജനങ്ങളെ സജ്ജരാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സായി സഹായത്തോടെ സിന്തറ്റിക് ട്രാക്കുള്ള കേരളത്തിലെ ആദ്യ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജാണ് ബ്രണ്ണൻ കോളേജ്. സംസ്ഥാനത്തെ കായിക മേഖലയിലെ മികച്ച കോളേജിനുള്ള ജി വി രാജ അവാർഡ് നേടിയ ഏക സർക്കാർ കോളേജ്, തുടർച്ചയായി മൂന്നാം തവണയും കണ്ണൂർ സർവ്വകലാശാലയുടെ മികച്ച കോളേജിനുള്ള വൈസ് ചാൻസലേർസ്, ജിമ്മി ജോർജ്ജ് പുരസ്‌കാരങ്ങൾ കരസ്ഥമാക്കിയ കോളേജ് തുടങ്ങി കായിക രംഗത്ത് ബ്രണ്ണന്റെ നേട്ടങ്ങൾ പലതാണ്. 95 മീറ്റർ നീളവും 55 മീറ്റർ വീതിയുമുള്ള ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് ഫുട്ബോൾ, ബാൾ ബാഡ്മിന്റൺ, ഹോക്കി, ക്രിക്കറ്റ്, കബഡി, ഖൊ ഖൊ, വോളി ബോൾ തുടങ്ങിയ ഗെയിമുകൾ കളിക്കാനുള്ള അവസരമുണ്ട്. ഫ്ളഡ് ലിറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. സർവ്വകലാശാലയുടെ കീഴിൽ ഫ്ളഡ് ലിറ്റ് സംവിധാനമുള്ള ഏക സർക്കാർ കോളേജായി ഇതോടെ ബ്രണ്ണൻ കോളേജ് മാറിയിരിക്കയാണ്. ഈ വർഷത്തെ ബജറ്റിൽ ബ്രണ്ണൻ കോളേജിൽ ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കുന്നതിന് മൂന്നു കോടി രൂപയും സർക്കാർ വകയിരുത്തിയിട്ടുണ്ട്.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത അധ്യക്ഷയായിരുന്നു. ധർമ്മടം പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി മുഖ്യാതിഥിയായി. പ്രിൻസിപ്പൽ പ്രൊഫ. ജെ വാസന്തി, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സി. എഞ്ചിനിയർ എ.പി.എം. മുഹമ്മദ് അഷ്റഫ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി സീമ, പഞ്ചായത്ത് അംഗം അഭിലാഷ് വേലാണ്ടി, പി.ടി.എ വൈസ് പ്രസിഡന്റ് എ.കെ. ശ്രീജിത്ത്, യൂനിയൻ ചെയർപേഴ്സൺ എം.കെ അഭിരാം, കോളേജ് കായിക വിഭാഗം മേധാവി പ്രെഫ കെ.പി പ്രശോഭിത്ത്, ടി. അനിൽ, പി.ടി സനൽ കുമാർ, അജയകുമാർ മിനോത്ത്, ടി.കെ. കനകരാജൻ, എം. സജീവൻ, ടി.വി. എ ബഷീർ, ലക്ഷ്മണൻ കോക്കോടൻ, എൻ.കെ പ്രേമനാഥ്, എൻ.കെ. പ്രേമൻ എന്നിവർ സംസാരിച്ചു.