+

മലയാളത്തിൻ്റെ വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62-ാം പിറന്നാൾ

നാല് പതിറ്റാണ്ടിലേറെയായി സംഗീതലോകത്ത് വിസ്മയം തീർക്കുന്ന മലയാളത്തിൻ്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62 വയസ്സ്. ആഴവും പരപ്പും ആർദ്രതയുമുള്ള, ഭാവതീവ്രമായ ആ ആലാപനം നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നു.

നാല് പതിറ്റാണ്ടിലേറെയായി സംഗീതലോകത്ത് വിസ്മയം തീർക്കുന്ന മലയാളത്തിൻ്റെ സ്വന്തം വാനമ്പാടി കെ.എസ്. ചിത്രയ്ക്ക് ഇന്ന് 62 വയസ്സ്. ആഴവും പരപ്പും ആർദ്രതയുമുള്ള, ഭാവതീവ്രമായ ആ ആലാപനം നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളെ തൊട്ടുണർത്തിക്കൊണ്ട് ഒഴുകിക്കൊണ്ടേയിരിക്കുന്നു.

ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ അത് വെറും സംഗീതത്തിനപ്പുറം ഒരു വികാരമായി നമ്മളിലേക്ക് പടരും. കെ.എസ്. ചിത്രയുടെ ശബ്ദം അത്തരത്തിലൊന്നാണ്. പ്രണയവും വിരഹവും വിഷാദവുമെല്ലാം പെയ്തിറങ്ങിയൊഴുകുന്ന സ്വരമധുരമായ ഒരു സംഗീത നദിയാണ് ചിത്ര. മലയാളിയുടെ ഹൃദയത്തിലൂടെയാണ് അതിൻ്റെ കൈവഴികൾ. കഥാപാത്രങ്ങളുടെ ആത്മഭാവങ്ങളറിഞ്ഞ്, ഗാനങ്ങളിൽ അത് സന്നിവേശിപ്പിക്കുന്ന, ഭാവതീവ്രമായ ആലാപനമാണ് ചിത്രയുടെ സവിശേഷത. നറുനിലാവു പോലെ മലയാളി മനസ്സുകളിലേക്ക് അലിഞ്ഞമരുന്ന ആ അമരസല്ലാപത്തിന് ആഴവും പരപ്പും ആർദ്രതയുമുണ്ട്.

1963 ജൂലൈ 27-ന് തിരുവനന്തപുരത്ത് സംഗീതജ്ഞനായ കൃഷ്ണൻ നായരുടെയും സംഗീതാധ്യാപികയായ ശാന്താകുമാരിയുടെയും മകളായി ജനിച്ച ചിത്രയ്ക്ക്, സംഗീതം ജീവവായുവായിരുന്നു. അച്ഛനായിരുന്നു ചിത്രയുടെ ആദ്യ ഗുരു. ഡോക്ടർ കെ. ഓമനക്കുട്ടിയുടെ കീഴിൽ കർണാടക സംഗീതവും അഭ്യസിച്ചു. എം.ജി. രാധാകൃഷ്ണനാണ് ആകാശവാണിയിലും പിന്നീട് സിനിമയിലും ചിത്രയെ ആദ്യമായി പാടിച്ചത്. 

1979-ൽ എം.ജി. രാധാകൃഷ്ണൻ സംഗീതം നൽകിയ “അട്ടഹാസം” എന്ന ചിത്രത്തിലെ “ചെല്ലം ചെല്ലം” എന്ന ഗാനത്തിലൂടെയാണ് ചിത്രയുടെ ഔദ്യോഗിക ചലച്ചിത്ര സംഗീത ജീവിതം ആരംഭിക്കുന്നത്. ആ പാട്ടിലൂടെ മലയാള സിനിമയിൽ ഒരു പുതിയ ശബ്ദം പിറവിയെടുക്കുകയായിരുന്നു, പിന്നീട് ആ ശബ്ദം സംഗീത ലോകത്ത് ഒരു വിസ്മയം തീർത്തു. എം.ജി. രാധാകൃഷ്ണൻ സംഗീതം പകർന്ന ‘രജനീ പറയൂ’ എന്ന ഗാനമായിരുന്നു ചിത്രയുടെ ആദ്യ സോളോ ഹിറ്റ്.

1980-കൾ കെ.എസ്. ചിത്ര എന്ന ഗായികയുടെ സുവർണ്ണ കാലഘട്ടമായിരുന്നു. ആ ദശാബ്ദത്തിൽ ചിത്ര മലയാള ചലച്ചിത്ര സംഗീതലോകത്തെ ഒരു അനിഷേധ്യ ശക്തിയായി മാറി. എം.ജി. രാധാകൃഷ്ണൻ, ഔസേപ്പച്ചൻ, ജോൺസൺ, രവീന്ദ്രൻ, ശ്യാം, ജെറി അമൽദേവ് തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരുമായി ചേർന്ന് ചിത്ര എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ ആലപിച്ചു. ജെറി അമൽദേവ് സംഗീതം പകർന്ന ‘എൻ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന ചിത്രത്തിലെ ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം ഹിറ്റായതോടെ ചിത്രയ്ക്ക് അവസരങ്ങളുടെ പെരുമഴയായി. ഇളയരാജയിലൂടെ തമിഴകത്തും ചിത്ര തന്റെ സാന്നിധ്യമറിയിച്ചു.

മലയാളത്തിൻ്റെ വാനമ്പാടി തമിഴകത്ത് “ചിന്നക്കുയിൽ” ആണ്. തെലുങ്കർക്ക് “സംഗീതസരസ്വതിയും” ഉത്തരേന്ത്യക്കാർക്ക് “പിയാ ബസന്തിയും” കർണാടകത്തിൽ “കന്നഡ കോകിലെയും” ആണ്. മലയാളത്തിനു പുറമേ, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ഒറിയ, ബംഗാളി, അസമീസ്, പഞ്ചാബി, ഗുജറാത്തി, തുളു, ബഡഗ, സംസ്കൃതം, ഉറുദു, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നിങ്ങനെ 16-ൽ അധികം ഭാഷകളിൽ പതിനയ്യായിരത്തിലധികം ഗാനങ്ങൾ ആലപിച്ച് ചിത്ര തൻ്റെ സംഗീതയാത്രയുടെ വ്യാപ്തി തെളിയിച്ചു. “അനന്തമജ്ഞാതമവർണ്ണനീയം” പോലുള്ള ക്ലാസിക് ഗാനങ്ങൾ അവരുടെ ആലാപനത്തിലെ വൈവിധ്യത്തിനും, ഏത് സംഗീതശാഖയും തൻ്റേതാക്കാനുള്ള അവരുടെ അസാമാന്യ കഴിവിനും ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.

ചിത്രയുടെ സംഗീത ജീവിതത്തിലെ ഏറ്റവും തിളക്കമാർന്ന ഏടാണ് അവർക്ക് ലഭിച്ച പുരസ്കാരങ്ങൾ. ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ എന്ന അപൂർവ നേട്ടം ഈ വാനമ്പാടിക്ക് സ്വന്തമാണ്. 1986-ൽ “സിന്ധു ഭൈരവി” എന്ന തമിഴ് ചിത്രത്തിലെ “പാടറിയേൻ പടിപ്പറിയേൻ” എന്ന ഗാനത്തിന് ലഭിച്ച ആദ്യ ദേശീയ പുരസ്കാരം, അവരുടെ വിജയഗാഥയുടെ തുടക്കമായിരുന്നു. പിന്നീട് “മഞ്ഞൾ പ്രസാദവും” (നഖക്ഷതങ്ങൾ – 1987), “ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി” (വൈശാലി – 1989) എന്നീ ഗാനങ്ങൾക്കും ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു. കൂടാതെ 1997-ൽ ഹിന്ദി ചിത്രമായ ‘വിരാസത്തി’ലെ ‘പയാലെ ചുൻമുൻ’ എന്ന ഗാനത്തിനും 2005-ൽ തമിഴ് ചിത്രമായ ‘ഓട്ടോഗ്രാഫി’ലെ ‘ഓരോ പൂക്കളുമേ’ എന്ന ഗാനത്തിനും ദേശീയ പുരസ്കാരങ്ങൾ ലഭിച്ചു.

ദേശീയ പുരസ്കാരങ്ങൾ കൂടാതെ എട്ട് ഫിലിംഫെയർ അവാർഡുകളും 36-ൽ അധികം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഉൾപ്പെടെ എണ്ണമറ്റ ബഹുമതികളും ചിത്രയെ തേടിയെത്തി. 2005-ൽ രാജ്യം പത്മശ്രീ നൽകി ഈ മഹാഗായികയെ ആദരിച്ചു. പിന്നീട് 2021-ൽ പത്മഭൂഷൺ നൽകിയും രാജ്യം ആദരിച്ചു. ഈ പുരസ്കാരങ്ങൾ ചിത്രയെന്ന അതുല്യപ്രതിഭയുടെയും കഠിനാധ്വാനത്തിൻ്റെയും തെളിവുകളാണ്. ചലച്ചിത്ര ഗാനങ്ങളുടെ ലോകത്തിനപ്പുറം, ഭക്തിഗാനങ്ങൾ, നാടൻ പാട്ടുകൾ, കർണ്ണാടക സംഗീത കച്ചേരികൾ തുടങ്ങി വിവിധ ശാഖകളിലും ചിത്ര തൻ്റെ കഴിവ് തെളിയിച്ചു.
 

facebook twitter