+

വീണാ ജോര്‍ജ് കേരളത്തിലെ ഏറ്റവും വലിയ കൊലയാളി, മന്ത്രിമാര്‍ മുണ്ടും സാരിയുമുടുത്ത കാലന്മാർ;; വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് ബിന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുണ്ടും സാരിയുമുടുത്ത കാലന്മാരാണ് മന്ത്രിമാരെന്നും മന്ത്രിമാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു

പാലക്കാട്: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് ബിന്ദു കൊല്ലപ്പെട്ട സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മുണ്ടും സാരിയുമുടുത്ത കാലന്മാരാണ് മന്ത്രിമാരെന്നും മന്ത്രിമാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബിന്ദു എന്ന അമ്മ രോഗം വന്ന് മരിച്ചതല്ലെന്നും രോഗിക്ക് കൂട്ടിരിക്കാനായി പോയി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ കൊല്ലപ്പെട്ട സ്ത്രീയാണെന്നും രാഹുല്‍ പറഞ്ഞു.

'ബിന്ദുവിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാന്‍ എങ്കിലും സര്‍ക്കാര്‍ തയ്യാറാകണ്ടേ ? സര്‍ക്കാര്‍ പ്രതിനിധികള്‍ ഇവിടെ വരാത്തത് കുറ്റബോധം കൊണ്ടാണ്. നമ്പര്‍ വണ്‍ കേരളത്തിന്റെ ഭാഗമല്ലേ ബിന്ദു ? ചികിത്സയ്ക്ക് പോയി മരണമടയുന്ന ആളുകളുടേത് കൊലപാതകമായി രജിസ്റ്റര്‍ ചെയ്താല്‍ കേരളത്തിലെ ഏറ്റവും വലിയ കൊലയാളി മന്ത്രി വീണാ ജോര്‍ജ് ആയിരിക്കും'- രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും രംഗത്തെത്തിയിരുന്നു. വീണാ ജോര്‍ജിനെ വിളിച്ചാല്‍ പോലും ഫോണ്‍ എടുക്കാറില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തന്നെ പറഞ്ഞിരുന്നെന്നും അപ്പോള്‍ കോണ്‍ഗ്രസുകാര്‍ വിളിച്ചാലുള്ള അവസ്ഥ പറയേണ്ടതുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. 'വീണാ ജോര്‍ജ് ആരോഗ്യവകുപ്പിനെ വെന്റിലേറ്ററിലാക്കി. ഇനി 8 മാസം കൂടിയുണ്ട്. വോട്ടുചെയ്യാന്‍ വോട്ടര്‍മാര്‍ ബാക്കി കാണുമോ? ആശുപത്രികളില്‍ വേണ്ടത്ര മരുന്നുപോലുമില്ല. കാട്ടുപോത്ത് മുതല്‍ കാട്ടാന വരെ നാട്ടില്‍ കിടന്ന് വിലസുകയാണ്. വീണാ ജോര്‍ജ് രാജിവെച്ചില്ലെങ്കില്‍ സമരങ്ങളുടെ വേലിയേറ്റം കേരളം കാണും'-എന്നാണ് കെ മുരളീധരന്‍ പറഞ്ഞത്.

അതേസമയം, ബിന്ദുവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി.  ആ കുടുംബത്തിന്റെ ദുഃഖം തന്‍റേത് കൂടിയാണെന്നും ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. 'കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും', വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. 

facebook twitter