വിജയ്‌യുടെ നന്മയെ ആഗ്രഹിച്ചിട്ടുള്ളൂ, താൻ പറഞ്ഞ വാക്കുകൾ വളച്ചൊടിക്കരുത് ; അജിത്ത് കുമാർ

08:04 PM Nov 07, 2025 | Kavya Ramachandran


ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് അടുത്തിടെ നൽകിയ അഭിമുഖത്തിൽ കരൂർ സംഭവത്തെ പറ്റി താൻ പറഞ്ഞ വാക്കുകൾ വിജയ്‌യെ എതിർത്തുകൊണ്ടല്ല എന്ന് അജിത്ത് കുമാർ. അപൂർവമായി മാധ്യമങ്ങൾക്ക് മുൻപിൽ വരാറുള്ള അജിത്ത് കുമാർ വർഷങ്ങൾക്ക് ശേഷം നൽകിയ അഭിമുഖം വലിയ രീതിയിൽ രാജ്യമാകെ ചർച്ചയായിരുന്നു.

“ഞാൻ എന്നും വിജയ്ക്ക് നന്മ വരണമെന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, എന്റെ അഭിമുഖം അദ്ദേഹത്തിനെതിരെ തിരിക്കുന്നവർ ദയവായി ഇത് നിർത്തണം. അജിത്ത് കുമാറിന്റെ വാക്കുകളെ അധികരിച്ച് സോഷ്യൽ മീഡിയയിൽ അജിത്തിന്റെയും, വിജയ്‍യുടെയും ആരാധകർ തമ്മിൽ പോർ നടത്തുന്ന പശ്ചാത്തലത്തിൽ രംഗരാജ് പാണ്ഡെയുമായി നടത്തിയ ഓഡിയോ അഭിമുഖത്തിലാണ് അജിത്ത് കുമാർ ഇക്കാര്യം വെളിപ്പെടുത്തിയത്.

കാരൂർ സംഭവത്തിന് കാരണം ആ ഒരു പ്രത്യേക വ്യക്തി മാത്രമല്ല നാമെല്ലാവരുമാണ് എന്നും, ആളുകളെ അനാവശ്യമായി കൂട്ടുന്ന പ്രവൃത്തിയിൽ എല്ലാവരും അഭിരമിച്ചിരിക്കുന്നുവെന്നും. തന്റെ ശക്തി കാണിക്കാൻ എല്ലാവരും ഇങ്ങനെ ആളുകളെ കൂട്ടുന്നത് നിർത്തണമെന്നുമായിരുന്നു ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.

അഭിമുഖത്തിൽ ആരാധകരുമായുള്ള ബന്ധവും, തന്റെ റേസിംഗ് കരിയറിനെ കുറിച്ചും, സിനിമ ജീവിതത്തെക്കുറിച്ചുമെല്ലാം അജിത്ത് വാചാലനായിരുന്നു. ഇതിനകം യൂട്യൂബിൽ ഒന്നര മില്യണിലധികം ആളുകളാണ് ഈ അഭിമുഖം കണ്ടിരിക്കുന്നത്. അജിത്തിന്റ പ്രസ്താവനയോട് വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല.