+

രാഹുലിന്റെ ലൈംഗിക വൈകൃതം തുറന്നുകാട്ടിയതിന് റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ വ്യാപക അക്രമം, ഓഫീസ് ആക്രമിച്ച് കരി ഓയില്‍ ഒഴിച്ചു, പണിനിര്‍ത്തി പോകുമെന്ന് കരുതേണ്ടെന്ന് മാധ്യമ പ്രവര്‍ത്തകര്‍

കോണ്‍ഗ്രസ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, റിപ്പോര്‍ട്ടര്‍ ടിവി ചാനലിനെതിരെ വ്യാപകമായ അക്രമം.

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വെളിപ്പെടുത്തിയതിന് പിന്നാലെ, റിപ്പോര്‍ട്ടര്‍ ടിവി ചാനലിനെതിരെ വ്യാപകമായ അക്രമം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൃശൂര്‍ ബ്യൂറോ ഓഫീസിലേക്ക് ഇരച്ചുകയറി, കരി ഓയില്‍ ഒഴിച്ച് നാശനഷ്ടങ്ങള്‍ വരുത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്റെ നേതൃത്വത്തിലായിരുന്നു അക്രമം. ഒന്നാം പ്രതിയായ മിഥുന്‍ മോഹനെ തമ്പാനൂരില്‍ നിന്ന് പിടികൂടി.

കേസിലെ രണ്ടാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമായ വിഷ്ണു ചന്ദ്രനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തേക്കിന്‍കാട് നിന്നുമാണ് വിഷ്ണു ചന്ദ്രനെ പൊലീസ് പിടികൂടിയത്. ഇനി നാല് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. അറസ്റ്റിലായവരെ കൂടാതെ തൃശൂര്‍ അസംബ്ലി പ്രസിഡന്റ് കെ സുമേഷ്, വില്‍വട്ടം മണ്ഡലം പ്രസിഡന്റ് സൗരാഗ്, നിഖില്‍ദേവ്, അമല്‍ ജയിംസ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

മുദ്രാവാക്യം വിളിച്ചെത്തിയ പ്രവര്‍ത്തകര്‍ ബ്യൂറോയിലെ കാറിന് മുകളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കൊടി നാട്ടി. ഇതിന് പുറമേ മുകളിലെ ഓഫീസിലേക്കുള്ള പടികളിലും വാതിലിലും കരി ഓയില്‍ ഒഴിക്കുകയും വാതിലില്‍ റിപ്പോര്‍ട്ടറിനെതിരെ നോട്ടീസ് പതിപ്പിക്കുകയും ചെയ്തു.

സംഭവത്തെ അപലപിച്ച് കെയുഡബ്ല്യുജെ അടക്കം രംഗത്തെത്തി. എന്ത് വിഷയത്തിന്റെ പേരിലാണെങ്കിലും മാധ്യമ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണം മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം ആണെന്ന് കെയുഡബ്ല്യുജെ പ്രസിഡന്റ് കെ പി റെജി പറഞ്ഞു.

ഒട്ടേറെ യുവതികളെ ലൈംഗി ചൂഷണത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് രാഹുലിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടിയെടുത്തിരുന്നു. രാഹുലിന്റെ ലൈംഗിക അതിക്രമം തുറന്നുകാട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചതിനാണ് ചാനലിനെതിരെ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

അക്രമത്തിന് പിന്നില്‍ വടകര എംപി ഷാഫി പറമ്പിലിന്റെയും രാഹുല്‍ മാങ്കൂട്ടത്തിലിന്റെയും അനുയായികളാണെന്ന് ആരോപണമുയര്‍ന്നു. ഡിവൈഎഫ്‌ഐ ഈ ആക്രമണത്തെ ശക്തമായി അപലപിച്ചു, ഇത് മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള ആക്രമണമാണെന്ന് പ്രസ്താവിച്ചു.
 

Trending :
facebook twitter