വാഹന പരിശോധനക്കിടെ വയനാട് ചുരത്തിൽനിന്ന് കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ

12:18 PM Jul 26, 2025 |


കൽപറ്റ: വാഹന പരിശോധനക്കിടെ വയനാട് ചുരത്തിലെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ. മലപ്പുറം സ്വദേശി ഷെഫീഖ് ആണ് പിടിയിലായത്. വയനാട് ചുരം കഴിഞ്ഞ് ലക്കിടി പ്രവേശന കവാടത്തിനരികെയുള്ള ഓറിയൻറൽ കോളജിന് പിറകിൽ ഒളിച്ചിരിക്കുകയായിരുന്നു യുവാവ്. ഇയാൾക്ക് പരിക്കേറ്റിട്ടുണ്ട്.

രാവിലെ കോളജിന് പിറകിൽ നിന്ന് യുവാവ് ഇറങ്ങി വരുന്നത് കണ്ട പ്രദേശവാസികൾ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. യുവാവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെയാണ് വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട യുവാവ് കൊക്കയിലേക്ക് എടുത്തു ചാടിയത്. ഒമ്പതാം വളവിലായിരുന്നു സംഭവം. യുവാവിൻറെ വാഹനത്തിൽ നടത്തിയ പരിശോധനയിൽ പാക്കറ്റിൽ സൂക്ഷിച്ച എം.ഡി.എം.എ കണ്ടെത്തിയിരുന്നു.

കൊക്കയിൽ ചാടിയതിന് പിന്നാലെ യുവാവ് എഴുന്നേറ്റ് നടക്കുന്നത് പൊലീസ് കണ്ടിരുന്നു. തുടർന്ന് താമരശ്ശേരി, വൈത്തിരി സ്റ്റേഷനിലെ പൊലീസുകാർ തിരച്ചിൽ നടത്തിയെങ്കിലും കാടുമൂടിയ പ്രദേശത്ത് യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് അഗ്നിശമനസേനയും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു.