ടെൻഷൻ അകറ്റാൻ ചില വഴികൾ

10:25 AM Aug 24, 2025 | Kavya Ramachandran


നല്ലതും സുഖകരവുമായ ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ പല തരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകളും നമ്മൾ നേരിടേണ്ടി വരും. അത് നമ്മുടെ ഏകാഗ്രതയെയും ശ്രദ്ധയെയും ബാധിക്കും. എന്നാൽ ജോലി സ്ഥലത്തെ ബുദ്ധിമുട്ടുകൾകൊണ്ടോ മാനസിക പിരിമുറക്കംകൊണ്ടോ പലർക്കും നല്ല രീതിയിലുള്ള ഉറക്കം ലഭിക്കുന്നില്ല.

. ഒരു മനുഷ്യൻ ശരാശരി 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം എന്നാണ് വിദഗ്‌ധർ പറയുന്നത്. വെറുതേ ഉറങ്ങിയാൽ മാത്രം പോര, അത് എപ്പോൾ ഉറങ്ങുന്നു എന്നതിലും കാര്യമുണ്ട്. അതേസമയം 7-9 മണിക്കൂർ ഉറങ്ങിയാലും നല്ല ഉറക്കം കിട്ടാത്തത് പോലെ ഉന്മേഷ കുറവ് അനുഭവപ്പെടുന്നവരും ഉണ്ട്.

നല്ല ഉറക്കം കിട്ടാനുള്ള മാർഗങ്ങൾ

എല്ലാ ദിവസവും ഒരു കൃത്യമായ സമയം ഉറങ്ങാനായി കണ്ടെത്തുക. പരമാവധി ആ സമയത്ത് തന്നെ ഉറങ്ങാനും ശ്രമിക്കുക.
വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തുന്നില്ലെന്ന് ഉറപ്പ് വരുത്തുക.
ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ടിവിയോ മൊബൈൽ ഫോണോ ഉപയോഗിക്കാതിരിക്കുക
കാപ്പി, ചായ എന്നീ നാഡിവ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന പാനീയങ്ങൾ വൈകുന്നേരത്തിന് ശേഷം ഉപയോഗിക്കാതിരിക്കാൻ ശ്രമിക്കുക.
മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക.
ഉറക്കം വരുന്നിലെങ്കിലും വെറുതെ കണ്ണടച്ച് കിടക്കാൻ ശ്രമിക്കുക.
സോഷ്യൽ മീഡിയയുടെ ഉപയോഗം കുറക്കുക

ചെറുപ്പക്കാർ മുതൽ വാർധക്യമായവർ വരെ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ലോകത്താണ്. ഒരുപാട് ഗുണങ്ങൾ സോഷ്യൽ മീഡിയക്ക് ഉണ്ടെങ്കിലും അതു പോലെ തന്നെ ദോഷങ്ങളുമുണ്ട്. സോഷ്യൽ മീഡിയ മസ്‌തിഷ്‌കത്തിൽ ചെലുത്തുന്ന സ്വാധീനം പല ശാരീരിക മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാവുന്നുണ്ട്.

യാഥാർഥ്യ ബോധത്തെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ് സോഷ്യൽ മീഡിയ. ചുറ്റും നടക്കുന്ന പലകാര്യങ്ങളിലും നാം ബോധവാൻമാരല്ല. മറിച്ച് സോഷ്യൽ മീഡിയ തീർക്കുന്ന മായാവലയത്തിലാണ് പലരും ഇന്ന് ജീവിക്കുന്നത്. അതുപോലെ തന്നെ അമിതമായ സോഷ്യൽ മീഡിയ ഉപയോഗം ഓർമ കുറവ് ഉണ്ടാക്കുന്നുവെന്നും ഗവേഷണങ്ങൾ പറയുന്നു.

സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുമ്പോൾ മറ്റുള്ളവരുടെ ജീവിതം നമ്മളെക്കാൾ മികച്ചതാണ് എന്ന ചിന്ത ഉണ്ടായേക്കാം. അവരെപ്പോലെ നമുക്ക് ആവണമെന്ന ചിന്ത വരുന്നു.അമിതമായ സോഷ്യൽ മീഡിയ ഉപയോഗം പുറംലോകവുമായി ബന്ധപ്പെടാനുള്ള സാഹചര്യം കുറക്കുന്നു.ഉറക്കം കുറയാൻ കാരണമാവുന്നു.ഓർമ കുറയുന്നതിലൂടെ ജോലിയിലും പഠനത്തിലും പിന്നോക്കമാവുന്നു.ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. സോഷ്യൽ മീഡിയയുടെ ഉപയോ​ഗം കുറച്ച് വായന ശീലമാക്കാം.മറ്റുള്ളവരുമായി ഇടപഴകാം,യാത്രകൾ ചെയ്യുക നിങ്ങൾക്ക് ഇഷ്‌ടമുള്ള കാര്യങ്ങൾ കണ്ടെത്തി അതിന് സമയം ചെലവഴിക്കുക

എല്ലാ കാര്യങ്ങൾക്കും ധൃതി കാണിക്കുന്നു എന്നത് ഇന്നത്തെ ഒരു ട്രൻ്റാണ്. ആർക്കും ഒന്നിനും കാത്തിരിക്കാൻ വയ്യ. അതുകൊണ്ടു തന്നെ ഒരു കാര്യവും വൃത്തിക്ക് ചെയ്യാൻ ഭൂരിഭാഗം പേർക്കും സാധിക്കുന്നില്ല. ഇതിനെല്ലാം കാരണം ഏകാഗ്രത കുറവും ശ്രദ്ധയില്ലായ്‌മയുമാണ്. ഇതിനെല്ലാം ഒരു പ്രതിവിധിയാണ് മെഡിറ്റേഷൻ അഥവാ ധ്യാനം.

സമ്മർദവും ഉത്‌കണ്‌ഠയും കുറക്കാനും മനസിന് ഏകാഗ്രത ഉണ്ടാവാനും മെഡിറ്റേഷൻ സഹായിക്കും. മനസ് നിങ്ങളുടെ നിയന്ത്രണത്തിൽ അല്ല എന്ന് തോന്നുമ്പോൾ മെഡിറ്റേഷൻ ചെയ്യാവുന്നതാണ്. കണ്ണുകളടച്ച് ശ്വാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാണ് മെഡിറ്റേഷൻ ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ തലച്ചോറിൻ്റെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. അതുപോലെ തന്നെ നല്ല ഉറക്കം ലഭിക്കാനും ഇത് കാരണമാവുന്നു.

പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരം വ്യായാമമാണ്. എന്നാൽ പലർക്കും വ്യായാമം ചെയ്യാൻ മടിയാണ്. ഇതിന് പതിവായി പറയുന്ന കാരണം സമയം കിട്ടുന്നില്ല എന്നതാണ്. ശരീരത്തിൻ്റെ സൗന്ദര്യം നിലനിർത്താൻ മാത്രമല്ല, ആരോഗ്യമുള്ള വ്യക്തിയായി ജീവിക്കാനും വ്യായാമം സഹായിക്കും.

സമയം ഒന്നിനെയും ആരെയും കാത്തുനിൽക്കുന്നില്ല. സമയത്തിനൊപ്പം ഓടി എത്താൻ കഴിയാത്ത അവസ്ഥയുണ്ട് പലപ്പോഴും. ഒരു കാര്യം വൃത്തിക്കും സമയത്തിനനുസരിച്ചും ചെയ്‌ത് തീർക്കാൻ ടൈം മാനേജ്‌മേൻ്റ് സെറ്റ് ചെയ്യുന്നത് ജീവിതത്തിൽ ഒരു കൃത്യത ഉണ്ടാക്കും.

ഇങ്ങനെ ചെയ്യുന്നതിലൂടെ കൂടുതൽ കാര്യങ്ങൾ നമുക്ക് ചെയ്‌ത് തീർക്കാനും അറിയാനും സാധിക്കുന്നു. പലപ്പോഴും കൃത്യമായ ഒരു സമയം പാലിക്കാൻ കഴിയാതെ പോകുന്നതുകൊണ്ടാണ് ജോലിസ്ഥലങ്ങളിലും പഠനത്തിലും നമുക്ക് തിളങ്ങാൻ കഴിയാതെ പോകുന്നത്. മാർക്ക് കുറഞ്ഞെന്നും ടാർഗറ്റ് മീറ്റ് ചെയ്യാൻ കഴിയുന്നില്ല എന്നും പറഞ്ഞ് വിഷമിച്ചിരിക്കുന്നതിന് പകരം കാര്യങ്ങൾ കൃത്യമായ ഒരു സമയക്രമത്തോടെ ചെയ്‌ത് തീർക്കാൻ ശ്രമിക്കുക