സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 2000 ആയി ഉയർത്തി സർക്കാർ. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം. നാനൂറ് രൂപയാണ് വർധിപ്പിച്ചത്. ഇതിന് മുൻപ് 1600 രൂപയായിരുന്നു സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ആയി നൽകി വരുന്നത്. പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക രണ്ട് ഗഡു ഈ വർഷം അനുവദിച്ചിരുന്നു. ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറിൽ വിതരണം ചെയ്യുന്ന പെൻഷൻ, ശമ്പളം എന്നിവയ്ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും.
കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിൽ യുവജനങ്ങൾക്കായും സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. നൈപുണ്യ വികസന കോഴ്സിൽ പഠിക്കുന്നവർക്കായി 1000 രൂപ വീതം സർക്കാർ സഹായം ലഭ്യമാക്കും. 5 ലക്ഷത്തോളം യുവതി യുവാക്കളാണ് പദ്ധതിയുടെ ഗുണഭോക്താക്കളാവുക.
അംഗൻവാടി വർക്കർമാരുടേയും, ഹെൽപ്പർമാരുടേയും പ്രതിമാസ ഓണറേറിയം ആയിരം രൂപ വീതം വർധിപ്പിച്ചു. 66,240 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവർഷം 934 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് മുമ്പ് 2024ലാണ് ഓണറേറിയം വർധിപ്പിച്ചത്. കുടുംബശ്രീ എഡിഎസിന് പ്രവർത്തന ഗ്രാന്റായി പ്രതിമാസം 1,000 രൂപ (19,470) നൽകും.