+

രാജ്യത്ത് 98 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രാജ്യത്ത് 98 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

വാട്‌സ്ആപ്പ് ജൂണിൽ 98 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ നിരോധിച്ചതായി റിപ്പോർട്ടുകൾ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കൽ, തെറ്റായ വിവരങ്ങൾ നൽകൽ, പ്ലാറ്റ്‌ഫോമിൻറെ ദുരുപയോഗം തുടങ്ങിയവ ഉൾപ്പെടെയുള്ള മോശം പെരുമാറ്റം മൂലമാണ് ഈ നടപടി. 2025 ജൂണിൽ അക്കൗണ്ടുകൾ നിരോധിക്കണം എന്നാവശ്യപ്പെട്ട് വാട്‌സ്ആപ്പിന് 16,069 പ്രത്യേക അഭ്യർഥനകൾ ലഭിച്ചു. തുടർന്ന് എല്ലാത്തിനും എതിരെ നടപടി സ്വീകരിക്കുകയായിരുന്നു. ആകെ നിരോധിച്ച അക്കൗണ്ടുകളിൽ 19.79 ലക്ഷം അക്കൗണ്ടുകളും ഉപയോക്തൃ പ്രതികരണങ്ങൾ വഴിയാണ് റിപ്പോർട്ട് ചെയ്തത്. സുതാര്യതയും സുരക്ഷയും ഉറപ്പാക്കാൻ പ്ലാറ്റ്‌ഫോമുകളെ നിർബന്ധമാക്കുന്ന ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡ് 2021-ൻറെ കീഴിലാണ് ഈ വലിയ നടപടി.

അതേസമയം ജൂണിൽ ആകെ 23,596 പരാതികളാണ് വാട്‌സ്ആപ്പിന് ലഭിച്ചത്. അതിൽ അക്കൗണ്ട് സഹായം, ഉൽപ്പന്ന പ്രശ്നങ്ങൾ, സുരക്ഷാ ആശങ്കകൾ എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുന്നു. ഈ പരാതികൾ വിലയിരുത്തിയ ശേഷം കമ്പനി 1,001 അക്കൗണ്ടുകളിൽ നടപടി സ്വീകരിച്ചു. ഇതിൽ 756 നേരിട്ടുള്ള നിരോധന നടപടികളും ഉൾപ്പെടുന്നു. പ്ലാറ്റ്‌ഫോമിൻറെ സമഗ്രത നിലനിർത്തുന്നതിനായി, വാട്‌സ്ആപ്പ് മൂന്ന് ഘട്ടങ്ങളുള്ള ദുരുപയോഗ കണ്ടെത്തൽ സംവിധാനം ഉപയോഗിക്കുന്നു. അക്കൗണ്ട് സജ്ജീകരണ സമയത്ത് നിരീക്ഷിക്കൽ, സന്ദേശം അയയ്ക്കൽ, ബ്ലോക്കുകളും റിപ്പോർട്ടുകളും പോലുള്ള ഉപയോക്തൃ ഫീഡ്‌ബാക്ക് വിലയിരുത്തൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സ്‍പാം, തെറ്റായ വിവരങ്ങൾ, ദോഷകരമായ പെരുമാറ്റം എന്നിവ കണ്ടെത്തി അവയ്‌ക്കെതിരെ പ്രവർത്തിക്കുന്നതിനാണ് സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

facebook twitter