തട്ടിപ്പുകൾ പെരുകുന്ന കാലത്ത് പുതിയ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ്ആപ്പ് ഇപ്പോൾ. ഉപഭോക്താക്കൾ സംശയാസ്പദമായതും പരിചിതമല്ലാത്തതുമായ ഗ്രൂപ്പുകളിൽ അംഗമാകുന്നത് തടയുന്നതിനായുള്ള പുതിയ ‘സേഫ്റ്റി ഓവർവ്യൂ’ ഫീച്ചറാണ് വാട്‌സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾ ഉപഭോക്താവിനെ ഒരു ഗ്രൂപ്പിൽ ചേർക്കുന്ന സമയത്താണ് സേഫ്റ്റി ഓവർ വ്യൂ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുക.
അതേസമയം ഇന്ത്യയിൽ പുതിയ ഫീച്ചർ ഈ ആഴ്ച എത്തും. ഗ്രൂപ്പ് ഇൻവിറ്റേഷനുകൾ കൂടുതൽ സുതാര്യമാക്കാനാണ് ഈ ഫീച്ചറിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കോൺടാക്ട് ലിസ്റ്റിലില്ലാത്ത ഒരാൾ നിങ്ങളെ ഗ്രൂപ്പിൽ ചേർത്താൽ പുതിയ ഫീച്ചർ ആ ഗ്രൂപ്പിനെ കുറിച്ചുള്ള പ്രധാന വിവരങ്ങളെല്ലാം നിങ്ങളെ കാണിക്കും. ആരാണ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തത്, ഗ്രൂപ്പിൽ എത്രപേർ അംഗങ്ങളാണ് തുടങ്ങിയ വിവരങ്ങളും പൊതുവായ സുരക്ഷാ ടിപ്പുകളും കാണാം.അത് വായിച്ചതിന് ശേഷം ഗ്രൂപ്പിൽ തുടരുകയോ പുറത്തുപോവുകയോ ചെയ്യാം. അതുവരെ ഗ്രൂപ്പിലെ നോട്ടിഫിക്കേഷനുകളൊന്നും കാണില്ല.
തട്ടിപ്പുകൾക്കെതിരെ സജീവമായ നടപടികളാണ് വാട്ട്‌സ്ആപ്പ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം തട്ടിപ്പ് കേന്ദ്രങ്ങളുമായി ബന്ധമുള്ള 68 ലക്ഷം അക്കൗണ്ടുകൾക്ക് വാട്ട്‌സ്ആപ്പിന്റേയും മെറ്റയുടെയും സുരക്ഷാ ടീമുകൾ വിലക്കേർപ്പെടുത്തിയിരുന്നു.