തിരുവല്ല: സ്ത്രീയെ ഡിജിറ്റൽ അറസ്റ്റിൽ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം പൊളിച്ച് ബാങ്ക് അധികൃതർ. മഞ്ഞാടി സ്വദേശിയായ എഴുപതുകാരിയുടെ 20 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. ബാങ്ക് ഓഫ് ബറോഡയുടെ തിരുവല്ല ശാഖയിലെ ജീവനക്കാരുടെ ഇടപെടലാണ് തട്ടിപ്പിന് പൂട്ടിട്ടത്.
സ്ത്രീയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങൾ ഒറ്റയടിക്ക് പിൻവലിക്കാനെത്തിയതിലാണ് ബാങ്ക് അധികൃതർക്ക് സംശയം തോന്നിയത്. കാലാവധി തീരുംമുമ്പ് പിൻവലിച്ചാൽ പലിശയടക്കമുളള ആനുകൂല്യം മുൻകൂർ നഷ്ടമാകുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ ബാങ്ക് ഉദ്യോഗസ്ഥൻ വിനോദ് ചന്ദ്രൻ വിശദീകരിച്ചിട്ടും സ്ത്രീ ഉറച്ചുനിന്നു. മക്കൾ നിർദേശിച്ചതാണെന്ന് പറയുകയും ചെയ്തു. മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും നിർദേശിച്ചു. നിക്ഷേപം പിൻവലിക്കൽ പൂർത്തീകരിച്ച് 21.5 ലക്ഷം രൂപ സ്ത്രീയുടെ എസ്ബി അക്കൗണ്ടിലേക്ക് മാറ്റി. തുടർന്ന് പണം അയച്ചുനൽകാൻ ആർടിജിഎസ് നടപടികൾക്കായി നൽകിയ അക്കൗണ്ട് വിവരം കണ്ടപ്പോഴാണ് തട്ടിപ്പാണെന്ന് അധികൃതർക്ക് മനസിലായത്.
AMETHUS COMMODITIES PRIVATE LIMITED എന്ന വിലാസം ആണ് ഇതിലുണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദമായി ആരാഞ്ഞു. തട്ടിപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഒടുവിൽ സ്ത്രീകാര്യങ്ങൾ തുറന്നുപറഞ്ഞു. മൂംബൈ ക്രൈം ഡിപ്പാർട്ടുമെന്റിൽനിന്ന് വാട്‌സാപ്പിൽ വിളിച്ചുവെന്നും തന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടന്നിട്ടുണ്ടെന്ന് അറിയിച്ചതായും വെളിപ്പെടുത്തി. രണ്ടാംതീയതിയാണ് ആദ്യ വിളി എത്തിയത്. തുടർന്ന് നിരന്തരം വിളിച്ചു. അറസ്റ്റിലാണെന്നും അറിയിച്ചു. സ്വന്തം അക്കൗണ്ടിലെ 20 ലക്ഷം രൂപ ഉടൻ കൈമാറാൻ നിർദേശിച്ചു. ഭയന്ന് മക്കളോടുപോലും പറഞ്ഞില്ല.
ചൊവ്വാഴ്ചയാണ് തിരുവല്ല ബാങ്ക് ശാഖയിൽ എത്തിയത്. ബാങ്കിൽ ഇടപാടുകൾ നടക്കുമ്പോഴും ഇവരുടെ ഫോണിലേക്ക് തട്ടിപ്പ് സംഘം വിളിക്കുന്നുണ്ടായിരുന്നു. സ്ത്രീയുടെ വിദേശത്തുള്ള മകനെ ഉടൻ ബാങ്ക് അധികൃതർ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ ഇടപാട് മരവിപ്പിച്ചെന്ന് ചീഫ് മാനേജർ ഡെൽന ഡിക്‌സൺ പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന സ്ത്രീ മഞ്ഞാടിയിലാണ് താമസം.