പാലക്കാട്: വിറകുപുരയുടെ ഭിത്തിയിടിഞ്ഞ് തൊഴിലാളി മരിച്ചു. പാലക്കാട് തൃത്താല മേഴത്തൂരിൽ ഇന്നലെയായിരുന്നു അപകടം. വിറകുപുര പൊളിക്കാനെത്തിയപ്പോൾ ആറടി ഉയരമുള്ള ഭിത്തി പൊളിഞ്ഞു വീഴുകയായിരുന്നു. പാലക്കാട് തൃത്താല മേഴത്തൂർ കരുവായിൽ വളയത്താഴത്ത് ഉണ്ണികൃഷ്ണൻ (62) ആണ് മരിച്ചത്.
മേഴത്തൂർ കുന്നത്ത്കാവിൽ സുകുമാരൻ്റെ വീട്ടിലെ വിറക് പുര പൊളിക്കുന്നതിനിടെയായിരുന്നു അപകടം. ഇവിടെ ജോലിയ്ക്ക് എത്തിയതായിരുന്നു ഉണ്ണികൃഷ്ണനും മൂന്ന് തൊഴിലാളികളും. ജോലിക്കിടെ വിറക് പുരയുടെ ജനൽ ഊരി മാറ്റാൻ ശ്രമിക്കുന്നതിനിടെ ആറടിയോളം ഉയരമുള്ള മൺകട്ട കൊണ്ട് നിർമ്മിച്ച ചുമർ പൊളിഞ്ഞ് വീഴുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കമിഴ്ന്ന് വീണ ഉണ്ണികൃഷ്ണൻ്റെ മുകളിലേക്കാണ് ചുമർ അടർന്ന് വീണത്.
വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർ ഉണ്ണികൃഷ്ണനെ പുറത്തെടുത്ത ശേഷം കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11 മണിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും