ന്യൂഡൽഹി: ആഗോളതലത്തിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ഗൗരവമായ ഉത്കണ്ഠ രേഖപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തരത്തിൽ മുന്നോട്ടുപോകുകയാണെങ്കിൽ മൂന്നാം ലോക മഹായുദ്ധത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന് ഗഡ്കരി മുന്നറിയിപ്പ് നൽകി. നാഗ്പുരിൽ ബിയോണ്ട് ബോർഡേഴ്‌സ് എന്ന പുസ്തകപ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി. ലോകത്തിന്റെ എല്ലാ ഭാഗത്തും സംഘർഷസാഹചര്യങ്ങളാണ്. ഇസ്രയേലിനും ഇറാനുമിടയിൽ, റഷ്യയ്ക്കും യുക്രയ്‌നുമിടയിൽ. ഈ യുദ്ധങ്ങളുടെ പശ്ചാത്തലത്തിൽ ഒരു മൂന്നാം ലോകമഹായുദ്ധത്തിന് സാധ്യതയുണ്ടെന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും, ഗഡ്കരി പറഞ്ഞു.
സാങ്കേതികവിദ്യയുടെ വികസനത്തോടെ യുദ്ധരീതികളിൽ മാറ്റം വന്നതായും ടാങ്കുകളും മറ്റും ഉപയോഗിച്ചിരുന്നിടത്ത് നിന്ന് ഡ്രോണുകളിലേക്കും മിസൈലുകളിലേക്കും അത്യാധുനിക യുദ്ധവിമാനങ്ങളിലേക്കും മാറിയതായും ഇവയ്ക്കിടയിൽ മനുഷ്യരുടെ സുരക്ഷയെന്നത് വലിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്രവിഷയങ്ങൾ പതിയെ വിനാശത്തിലേക്ക് നീങ്ങുന്നതായി തോന്നുന്നതായും ഗഡ്കരി കൂട്ടിച്ചേർത്തു. സംഘർഷങ്ങൾ സംബന്ധിച്ച വിഷയങ്ങൾ ആഗോളതലത്തിൽ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.