ചൈനയിലെ ഷാന്‍സി പ്രവിശ്യയില്‍ സോളോ ഹൈക്കിങ് നടത്തിയ യുവാവ് മഞ്ഞുമലയില്‍ കുടുങ്ങിയത് പത്ത് ദിവസം. ഈ ദിവസങ്ങളില്‍ കൈയില്‍ കരുതിയ ടൂത്ത് പേസ്റ്റ് ആണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. തണുത്തുറഞ്ഞ സാഹചര്യത്തിലാണ് കൗമാരക്കാരന്റെ അത്ഭുതകരമായ അതിജീവനം.
ഫെബ്രുവരി എട്ടിനാണ് 18കാരനായ സണ്‍ ലിയാങ് ട്രെക്കിംഗ് ആരംഭിച്ചത്. 2,500 മീറ്റര്‍ ഉയരമുള്ള ക്വിന്‍ലിംഗിലെ പര്‍വതനിരയിലേക്കായിരുന്നു യാത്ര. കാല്‍നടയാത്രയായിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇലക്ട്രോണിക് ഉപകരണങ്ങളുടെ ബാറ്ററി തീര്‍ന്നതിനാല്‍ കുടുംബവുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടു. പുറം ലോകവുമായി ബന്ധപ്പെടാന്‍ മാര്‍ഗമില്ലാതെ ഒറ്റപ്പെട്ട സണ്‍, അരുവിയുടെ അരികിലൂടെ താഴേക്ക് നടക്കാന്‍ തുടങ്ങി. നടത്തത്തിനിടെ അദ്ദേഹം പലതവണ വീണു. അതിന്റെ ഫലമായി വലതു കൈ ഒടിഞ്ഞു.
കഠിനമായ ഭക്ഷ്യക്ഷാമം നേരിട്ട സണ്‍ നദിയിലെ വെള്ളവും ഉരുകിയ മഞ്ഞും ടൂത്ത് പേസ്റ്റും പോലും കഴിച്ച് അതിജീവിക്കുകയായിരുന്നു. തണുത്ത കാറ്റില്‍ നിന്ന് രക്ഷ നേടാന്‍, അദ്ദേഹം വലിയ പാറയുടെ പിന്നില്‍ അഭയം തേടുകയും ഉണങ്ങിയ വൈക്കോലും ഇലകളും ഉപയോഗിച്ച് താത്കാലിക കിടക്ക നിര്‍മിക്കുകയും ചെയ്തു. ഫെബ്രുവരി 17 ന് പുകയുടെ മണം പിടിച്ച് സണ്‍ സഹായത്തിനായി നിലവിളിച്ചു. അത് രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുകയും സണ്ണിനെ രക്ഷിക്കുകയുമായിരുന്നു.