14 കോടി അംഗങ്ങളുള്ള ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി മാറി : ജെ പി നദ്ദ

01:35 PM Sep 15, 2025 | Neha Nair

വിശാഖപട്ടണം: 14 കോടി അംഗങ്ങളുള്ള ഭാരതീയ ജനതാ പാർട്ടി (ബിജെപി) ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായി മാറിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ . ഈ 14 കോടിയിൽ രണ്ട് കോടി സജീവ അംഗങ്ങളാണ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടന്ന പാർട്ടി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ 20 സംസ്ഥാനങ്ങളിൽ എൻഡിഎ സർക്കാരുകളും 13 സംസ്ഥാനങ്ങളിൽ ബിജെപി സർക്കാരുകളുമുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പ്രതിനിധി പാർട്ടി ബിജെപിയാണെന്നും, 240 ലോക്സഭാ എംപിമാരും ഏകദേശം 1,500 എംഎൽഎമാരും 170-ലധികം എംഎൽസിമാരും പാർട്ടിക്കുണ്ടെന്നും നദ്ദ വ്യക്തമാക്കി.

കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും നദ്ദ പ്രശംസിച്ചെത്തിയിരുന്നു. കഴിഞ്ഞ 11 വർഷമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആന്ധ്രാപ്രദേശിന് നൽകിയ സഹായങ്ങൾ എണ്ണിപ്പറഞ്ഞ അദ്ദേഹം, അമരാവതിയുടെ നിർമാണത്തിനായി കേന്ദ്രം 15,000 കോടി രൂപ നൽകിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച നദ്ദ, മുൻ സർക്കാരുകൾ വികസന പ്രവർത്തനങ്ങൾ നടത്താതെ ജനങ്ങളെ വഞ്ചിച്ചുവെന്നും ആരോപിച്ചു. കുടുംബവാഴ്ച, അഴിമതി, പ്രീണനം എന്നിവയിലായിരുന്നു പഴയകാല രാഷ്ട്രീയം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതെന്നും അദ്ദേഹം വിമർശിച്ചു.