+

മെസേജ് അയക്കാൻ എഐ സഹായം ;കിടിലൻ ഫീച്ചറുമായി വാട്‌സ്ആപ്പ്

ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ എഐ സവിശേഷതകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സന്ദേശങ്ങൾ കൂടുതൽ മികച്ചതാക്കാൻ നിങ്ങളെ സഹായിക്കാനാണ് വാട്‌സ്ആപ്പ് ഇപ്പോൾ ശ്രമിക്കുന്നത്.

തിരുവനന്തപുരം: ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ എഐ സവിശേഷതകൾ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. സന്ദേശങ്ങൾ കൂടുതൽ മികച്ചതാക്കാൻ നിങ്ങളെ സഹായിക്കാനാണ് വാട്‌സ്ആപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. വാട്‌സ്ആപ്പിൻറെ ഏറ്റവും പുതിയ ബീറ്റ പതിപ്പിൽ ഉപയോക്താക്കൾക്ക് അവരുടെ ചാറ്റുകൾ അയയ്ക്കുന്നതിന് മുമ്പ് പരിഷ്‍കരിക്കാൻ സഹായിക്കുന്ന ഒരു പുതിയ എഐ പവർഡ് ടൂൾ വൈകാതെ ലഭിക്കുമെന്നാണ് പുതിയ റിപ്പോർട്ട്.

ഇത്തരമൊരു ഫീച്ചർ അടുത്തിടെ ഗൂഗിൾ പ്ലേ സ്റ്റോറിലെ ആൻഡ്രോയ്‌ഡിനുള്ള പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.25.23.7-ൽ പരീക്ഷിക്കുന്നതായി ട്രാക്കറായ വാബീറ്റാഇൻഫോ കണ്ടെത്തി. എഐ പ്രൈവറ്റ് പ്രോസസ്സിംഗ് നൽകുന്ന ഈ ഫീച്ചറിന് റൈറ്റിംഗ് ഹെൽപ്പ് അസിസ്റ്റൻറ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ടൈപ്പ് ചെയ്യുന്ന സന്ദേശം മെച്ചപ്പെടുത്താൻ ഇത് ഉപയോക്താവിനെ സഹായിക്കും. മെറ്റ വികസിപ്പിച്ചെടുത്ത ഒരു ആർക്കിടെക്‌ചറായ പ്രൈവറ്റ് പ്രോസസ്സിംഗിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ഫീച്ചർ. ഇത് ഉപയോക്താവിൻറെ അഭ്യർഥനകളും സന്ദേശങ്ങളും സുരക്ഷിതമായ രീതിയിൽ പ്രോസസ് ചെയ്യുന്നു.

വാബീറ്റാഇൻഫോ ഈ പുതിയ സവിശേഷതയുടെ ഒരു സ്ക്രീൻഷോട്ടും പങ്കിട്ടു. ഈ സ്ക്രീൻഷോട്ടിൽ നിങ്ങൾക്ക് ഈ സവിശേഷത കാണാം. നിങ്ങളുടെ ഐഡൻറിറ്റി വെളിപ്പെടുത്താതെ റൂട്ടിംഗ് നടത്താൻ സ്വകാര്യ പ്രോസസ്സിംഗ് എൻക്രിപ്റ്റ് ചെയ്‌ത കണക്ഷനുകൾ ഉപയോഗിക്കുന്നു. എഐ സേവനത്തിലേക്ക് അയച്ച അഭ്യർഥന ഉപയോക്താവിൻറെ ഐഡൻറിറ്റിയുമായി തിരികെ ലിങ്ക് ചെയ്യാൻ കഴിയില്ലെന്ന് ഇത് ഉറപ്പാക്കുന്നു. ഉപയോക്താവ് തൻറെ സന്ദേശം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുമ്പോൾ, റൈറ്റിംഗ് ഹെൽപ്പ് സ്വകാര്യ പ്രോസസ്സിംഗ് സിസ്റ്റത്തിലേക്ക് ഒരു അഭ്യർഥന അയയ്ക്കും.

വാട്സ്ആപ്പിൻറെ ഈ പുതിയ സവിശേഷത സുരക്ഷിതമായ രീതിയിൽ നിരവധി സന്ദേശങ്ങൾ സൃഷ്‌ടിക്കുന്നു. യഥാർഥ സന്ദേശം സംബന്ധിച്ച ഒരു ഡാറ്റയും ഇത് സംഭരിക്കുന്നില്ല എന്നതാണ് പ്രത്യേകത. കൂടാതെ മറുപടിയിൽ നൽകിയിരിക്കുന്ന ഒരു വിവരവും ഇത് സൂക്ഷിക്കുന്നില്ല. ഇത് ഉപയോക്താക്കളുടെ സ്വകാര്യത നിലനിർത്തുന്നു. ആപ്പ് സെറ്റിംഗ്‍സിൽ പ്രൈവസി പ്രോസസിംഗ് പ്രവർത്തനക്ഷമമാക്കിയാൽ, ഉപയോക്താക്കൾ മൂന്നോ നാലോ വാക്കുകളുള്ള ഒരു സന്ദേശം ടൈപ്പ് ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ, ടെക്സ്റ്റ് ഫീൽഡിൽ സ്റ്റിക്കർ ഐക്കണിന് പകരം ഒരു പേന ഐക്കൺ ദൃശ്യമാകും. ഇത് യഥാർഥത്തിൽ ഒരു പുതിയ എഐ പവർഡ് റൈറ്റിംഗ് അസിസ്റ്റൻറാണ്. ഈ പുതിയ ബട്ടണിൽ ടാപ്പ് ചെയ്യുന്നതിലൂടെ, ടൈപ്പ് ചെയ്‌ത സന്ദേശം മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി ഉപയോക്താക്കൾക്ക് മെറ്റ എഐ യോട് ആവശ്യപ്പെടാം.

റൈറ്റിംഗ് ഹെൽപ്പിൽ റീഫ്രെയ്‌സ് ടോൺ, പ്രൊഫഷണൽ ടോൺ, ഫണ്ണി ടോൺ, സപ്പോർട്ടീവ് ടോൺ, പ്രൂഫ് റീഡ് ടോൺ എന്നിങ്ങനെ അഞ്ച് ടോണുകളുടെ ഓപ്ഷൻ നൽകുന്നു. ഭാവിയിൽ വാട്‍സാപ്പ് ഈ ടോണുകൾ അപ്‌ഡേറ്റ് ചെയ്യുകയോ കൂടുതൽ ടോണുകൾ ചേർക്കുകയോ ചെയ്‌തേക്കാം. അതുവഴി ഉപയോക്താക്കളുടെ മൊത്തത്തിലുള്ള സന്ദേശമയയ്‌ക്കൽ അനുഭവം മെച്ചപ്പെടുത്താൻ കഴിയും. ഉപയോക്താക്കൾക്ക് ഇഷ്ടപ്പെട്ടാൽ റൈറ്റിംഗ് ഹെൽപ്പ് അസിസ്റ്റന്റ് സൃഷ്ടിച്ച സന്ദേശം അയയ്‌ക്കാൻ കഴിയും. എങ്കിലും ഈ സന്ദേശം ഇഷ്‍ടപ്പെടാത്തവർക്കായി മുമ്പ് ചെയ്തതുപോലെ യഥാർഥ സന്ദേശവും അയയ്‌ക്കാൻ കഴിയും.

വാട്‌സ്ആപ്പിൽ തനിക്ക് ലഭിച്ച സന്ദേശം എഐ മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് സ്വീകർത്താവിന് അറിയാൻ കഴിയില്ല എന്നതും പ്രത്യേകതയാണ്. സന്ദേശം സ്വീകരിക്കുന്ന വ്യക്തിക്ക് ലേബലുകളൊന്നും കാണാനോ എഐ സഹായത്തോടെയുള്ള ചാറ്റിൻറെ സ്വഭാവത്തെക്കുറിച്ച് അറിയാനോ സാധിക്കില്ല. വാട്‌സ്ആപ്പിൻറെ ഈ പുതിയ ഫീച്ചർ പൂർണ്ണമായും ഓപ്ഷണലാണ്. മാത്രമല്ല ഉപയോക്താവ് അവരുടെ അക്കൗണ്ടിൻറെ സെറ്റിംഗ്‍സിൽ അത് ഓണാക്കുമ്പോൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ. ചില ബീറ്റാ ഉപയോക്താക്കൾക്കായിട്ടാണ് ഈ സവിശേഷത ഇപ്പോൾ പുറത്തിറക്കിയത്. ബീറ്റാ പരിശോധന പൂർത്തിയായ ശേഷം, കമ്പനി ആഗോള ഉപയോക്താക്കൾക്കായി പുത്തൻ ഫീച്ചർ വിപുലമായി പുറത്തിറക്കും.
 

facebook twitter