
തിരുവനന്തപുരം:സ്കൂള്‍ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതു വിലക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. സർക്കാർ, എയ്ഡഡ് അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നതായി സർക്കാരിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വ്യാപകമായി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സർക്കുലർ.
പിഎസ്‌സി പരിശീലനകേന്ദ്രങ്ങള്‍, സ്വകാര്യ ട്യൂട്ടോറിയല്‍ കേന്ദ്രങ്ങള്‍ തുടങ്ങിയവ നടത്തുന്നതും അവിടങ്ങളില്‍ പഠിപ്പിക്കുന്നതും അച്ചടക്കലംഘനമാണ്. മാത്രമല്ല, ഈ സ്ഥാപനങ്ങള്‍ക്കായി പുസ്തകങ്ങളും ഗൈഡുകളും പ്രസിദ്ധീകരിക്കുന്നതിനും പ്രത്യക്ഷമോ പരോക്ഷമോ ആയി അധ്യാപകർ കൂട്ടുനില്‍ക്കാൻ പാടില്ല. അധ്യാപകർ വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉചിതമായ അച്ചടക്ക നടപടിയെടുക്കണം.
ഇല്ലെങ്കില്‍ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ശിക്ഷാനടപടി നേരിടേണ്ടി വരുമെന്നും ഡയറക്ടർ വ്യക്തമാക്കി.നേരത്തെയും ട്യൂഷന്‍ സെന്‍ററുകളില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ക്ലാസുകള്‍ എടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ ഇത് ലംഘിച്ച് നിരവധി പേര്‍ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്.