കൊച്ചി: വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപവരെ ആവശ്യമുണ്ടെന്ന തരത്തിലുള്ള പ്രചരണവും ഇതിനായുള്ള പണപ്പിരിവും ജാഗ്രതയോടെ കാണണമെന്ന് ഡോക്ടറുടെ കുറിപ്പ്. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഷബീര്‍ മുഹമ്മദാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ കാത്തിരിപ്പില്ലാതെ തന്നെ വൃക്ക മാറ്റിവെക്കാമെന്നും ഒരു വര്‍ഷത്തെ ചികിത്സാ ചെലവ് ഉള്‍പ്പെടെ 6 ലക്ഷത്തോളം രൂപ മാത്രമേ വേണ്ടിവരികയുള്ളൂവെന്നും ഡോക്ടര്‍ പറയുന്നു.
ഡോക്ടര്‍ ഷബീര്‍ മുഹമ്മദിന്റെ ഫേസ്ബുക്ക് കുറിപ്പ്,
'..ഇരുവൃക്കകളും തകരാറിലായ യുവാവിന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 25 ലക്ഷം രൂപ ആവശ്യമുണ്ട്. നല്ലവരായ നാട്ടുകാര്‍ കയ്യയച്ച് സഹായിച്ചാല്‍ മാത്രമേ സാധുക്കളായ ഈ കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ സാധിക്കുകയുള്ളൂ..'
മേല്‍പ്പറഞ്ഞ വാചകങ്ങള്‍ ഫ്‌ലക്‌സിലോ നോട്ടീസിലോ കാണാത്ത മലയാളികള്‍ കുറവായിരിക്കും.
വാസ്തവത്തില്‍ ഒരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് എത്ര രൂപ ചിലവാകും?
നമുക്ക് നോക്കാം?
കോട്ടയം മെഡിക്കല്‍ കോളേജിലെ ഒരു വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ഏകദേശം രണ്ടുലക്ഷം രൂപയുടെ അടുത്ത് ചെലവ് വരും . ഓപ്പറേഷന് മുന്‍പ് വൃക്ക ദാതാവിനും വൃക്ക സ്വീകരിക്കുന്ന ആള്‍ക്കും ഉള്ള ടെസ്റ്റുകള്‍ക്ക് ഇതിനുപുറമേ ഏകദേശം ഒരു ലക്ഷം രൂപയോളം ചെലവ് വരും. കൂടാതെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കല്‍ കോളേജിന് അടുത്ത് വീടെടുത്ത് താമസിക്കുന്നത് ചെലവ് ഏകദേശം ഒരു ലക്ഷം രൂപയും വരും. ഇതെല്ലാം കൂട്ടിയാല്‍ 4 ലക്ഷം രൂപ. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വര്‍ഷത്തെ മരുന്നുകള്‍ക്ക് എല്ലാംകൂടി രണ്ട് ലക്ഷം രൂപയോളം ചിലവ് പ്രതീക്ഷിക്കാം. ഇതെല്ലാം കണക്കിലെടുത്താല്‍ ഒരു വര്‍ഷത്തെ ചെലവ് 6 ലക്ഷം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം സഹായധനം കിട്ടിയാല്‍ നാല് ലക്ഷത്തില്‍ ചെലവ് നിര്‍ത്താം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എല്ലാം ഏകദേശം ഈ റേറ്റ് ആണ്.
പക്ഷേ.. കാലതാമസം വരില്ലേ?
അറിയുക!
കോട്ടയം മെഡിക്കല്‍ കോളേജില്‍ എല്ലാ ആഴ്ചയും ട്രാന്‍സ്പ്ലാന്റ് നടക്കുന്നുണ്ട്. കാത്തിരിപ്പ് സമയം പൂജ്യം. ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാനുള്ള കാലതാമസം മാത്രമേ എടുക്കുകയുള്ളൂ.
പക്ഷെ സന്നദ്ധ സംഘങ്ങള്‍ക്കും, രോഗികള്‍ക്കും ഇപ്പോഴും പ്രിയം സ്വകാര്യ ആശുപത്രികളില്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാനാണ്.
പലതാണ് കാരണം.
അന്തസ്സ്. അഭിമാനം. ആഡംബരം. ഒക്കെ ബ്രാന്‍ഡഡ് ആശുപത്രിയില്‍ ചികില്‍സിച്ചാലേ കിട്ടൂ. പിരിക്കുന്നവര്‍ക്ക് കൂടുതല്‍ തുക പിരിക്കാം. അതിന്റെ പേരില്‍ മേനി നടിക്കാം.
സ്വകാര്യ ആശുപത്രികളില്‍ നാല് ലക്ഷം മുതല്‍ പന്ത്രണ്ടു ലക്ഷം രൂപ വരെ ഓപ്പറേഷന്‍ ുമസമഴല വാങ്ങുന്ന ആശുപത്രികള്‍ ഉണ്ട്.
നാട്ടിലെ ഒരു വൃക്ക രോഗിക്ക് വേണ്ടി പിരിവിടുന്ന സമയം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ കമ്മിറ്റിക്കാര്‍ എന്നെ സമീപിച്ചു. ഞാന്‍ ആശുപത്രികളിലെ റേറ്റ് വ്യത്യാസം അവരെ ബോധ്യപ്പെടുത്തി. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഞാനറിഞ്ഞു ഏറ്റവും മുന്തിയ റേറ്റ് ഉള്ളിടത്ത് ട്രാന്‍സ്പ്ലാന്റ് ചെയ്യാന്‍ കമ്മിറ്റി കൂടി തീരുമാനിച്ചു എന്ന്!
സഹജീവി രക്ഷപെട്ടോട്ടെ എന്ന് കരുതി തുച്ഛ വരുമാനത്തിന്റെ ഒരു പങ്ക് കൊടുക്കുന്ന പലര്‍ക്കും ഇതൊന്നും അറിയില്ല എന്നതാണ് സത്യം!
നന്മമരങ്ങള്‍ക്കും അവര്‍ ഇടപ്പെട്ട് എത്ര കോടികള്‍ പിരിച്ചു എന്ന് അനുസരിച്ചാണ് വില!
അച്ഛന്‍, അമ്മ, മകന്‍, മകള്‍, സഹോദരന്‍, സഹോദരി, മുത്തച്ഛന്‍, മുത്തശ്ശി, പേരക്കുട്ടി, ഭാര്യ, ഭര്‍ത്താവ് എന്നിവരിലാരെങ്കിലും വൃക്ക ദാനം ചെയ്യാന്‍ സന്നദ്ധമാണെങ്കില്‍ കുറഞ്ഞ ചെലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യാം.
പിരിച്ചെടുക്കുന്ന ഓരോ ചില്ലിക്കാശും വിയര്‍പ്പ് മണക്കുന്നതാണ്. അത് കൊണ്ട് സൂക്ഷിക്കുക. ഈ കുറിപ്പ് വായിക്കുന്നവര്‍ ഷെയര്‍ ചെയ്താല്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടേക്കാം..