വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; പിശകുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരാജയപ്പെട്ടു: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

07:53 AM Aug 17, 2025 | Suchithra Sivadas

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെ കുറിച്ചുള്ള വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയിലെ പിശകുകള്‍ ചൂണ്ടിക്കാണിക്കാനും അവകാശവാദങ്ങള്‍ ഉന്നയിക്കാനും നിശ്ചിതമായ സമയപരിധി നല്‍കാറുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തിയുള്ള സുതാര്യവും ബഹുതലവുമായ പ്രക്രിയയാണ് വോട്ടര്‍പട്ടിക തയ്യാറാക്കല്‍ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ നിശ്ചിത സമയത്ത് ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് (ഇആര്‍ഒ) അവ പരിശോധിച്ച് തിരുത്താമായിരുന്നുവെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

വോട്ടര്‍ പട്ടിക തയ്യാറാക്കുന്ന ഓരോ ഘട്ടത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. നിരവധി രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ ബൂത്ത് ലെവല്‍ ഏജന്റുമാരും ഉചിതമായ സമയത്ത് കരട് റോളുകള്‍ അവലോകനം ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും എതിര്‍പ്പുകള്‍ ഉന്നയിച്ചില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. കരട് വോട്ടര്‍ പട്ടിക, ഡിജിറ്റല്‍, അച്ചടി ഫോര്‍മാറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും പങ്കിടുകയും ചെയ്യുന്നുവെന്നും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്നതിനായി ഇസിഐ വെബ്സൈറ്റിലും കരട് പട്ടിക പ്രസിദ്ധീകരിക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് തല ഉദ്യോഗസ്ഥരായ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് (ഇആര്‍ഒ) ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) സഹായത്തോടെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനും അന്തിമമാക്കുന്നതിനും ചുമതലയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരിച്ചു. പട്ടികകളുടെ കൃത്യതയുടെ ഉത്തരവാദിത്തം ഇആര്‍ഒമാര്‍ക്കും ബിഎല്‍ഒമാര്‍ക്കുമാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.