ശബ്ദ മലിനീകരണം നിയമം കർശനമായി നടപ്പാക്കണം: ഡോ. സുൽഫിക്കർ അലി

11:10 AM Jan 17, 2025 | AVANI MV

കണ്ണൂർ:  വിവാഹ ആഭാസങ്ങളുടെ ഭാഗമായി യാതൊരു നിയന്ത്രണമില്ലാതെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ശബ്ദമലിനീകരണം വഴി ഒരു പിഞ്ചു കുട്ടിക്ക് ഗുരുതരാവസ്ഥ ഉണ്ടായ സാഹചര്യം ഗൗരവത്തോടെ പരിഗണിക്കണമെന്നും,  ഇത്തരം നിയമലംഘനങ്ങൾ ക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ എം എ) സംസ്ഥാന കമ്മിറ്റി അംഗം ഡോ സുൽഫിക്കർ അലി അധികൃതരോട് ആവശ്യപ്പെട്ടു. വിവാഹം, നേർച്ച, മതപരമായ മറ്റ് ആഘോഷങ്ങൾ,  വിവിധ സംഘടനകളുടെ പ്രകടനങ്ങൾ, എന്നിവയുമായി ബന്ധപ്പെട്ടു കൊണ്ട് പരിധികൾ ലംഘിച്ചുകൊണ്ടുള്ള ശബ്ദമലിനീകരണമാണ് നടക്കുന്നത്. 

ദീർഘദൂര ബസ്സുകൾ നിരന്തരമായി ഹോണടിച്ചു കൊണ്ടാണ് നിരത്തിലൂടെ പോകുന്നത്. ശബ്ദമലിനീകരണം വഴി ഹൃദ്രോഗം  രക്തസമ്മർദ്ദം ഉയരുക, ഹൃദയമിടിപ്പ് ക്രമാതീതമായി വർധിച്ചു കൊണ്ടുള്ള ഹൃദയാഘാതം, കേൾവിശക്തി സ്ഥിരമായോ ഭാഗികമായോ നഷ്ടപ്പെടുക, കുട്ടികളിലും ഗർഭിണികളിലും വാർദ്ധക്യം ബാധിച്ചവരിലും ഗുരുതരമായ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നതിനാൽ ഈ വിഷയത്തിലുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും, വീഴ്ച വരുത്തുന്നക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.