തിരുവനന്തപുരം: അടുത്തമാസം മുതല്‍ കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ബസുകള്‍ എത്തിതുടങ്ങും. നിലവില്‍ 143 ബസുകള്‍ വാങ്ങാനാണ് കെ.എസ്.ആര്‍.ടി.സി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 63 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.
ടാറ്റ, ലെയ്‌ലാന്‍ഡ്, ഐഷര്‍ കമ്പനികളാണ് പുതിയ ബസുകള്‍ക്കായി ടെന്‍ഡര്‍ എടുത്തിരിക്കുന്നത്. 200.07 കോടി രൂപ ചെലവഴിച്ച് ആകെ 532 ബസുകളാണ് കെ.എസ്.ആര്‍.ടി.സി വാങ്ങാന്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇതിന്റെ ആദ്യ ഘട്ടമായാണ് ഇപ്പോള്‍ 143 ബസുകള്‍ക്ക് പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്.
സൂപ്പര്‍ഫാസ്റ്റ് ബസുകളില്‍ ആകെയുള്ള 200ല്‍ 60 എണ്ണത്തിനാണ് ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.
6 സിലിണ്ടര്‍ ഡീസല്‍ ബസുകള്‍ ആണ് സൂപ്പര്‍ഫാസ്റ്റ് ആയി വരുന്നത്. 50 ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 20 എണ്ണം ആദ്യഘട്ടത്തിലെത്തും.
100 ഓര്‍ഡിനറി ബസുകളില്‍ 10 എണ്ണവും 150 ഹ്രസ്വദൂര ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ 27 എണ്ണവും, എട്ട് എ.സി സ്ലീപ്പര്‍ ബസുകൾക്കും, 10 എ.സി സീറ്റര്‍ ബസുകളില്‍ എട്ടെണ്ണത്തിനും ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ 14 സീറ്റര്‍ കം സ്ലീപ്പര്‍ ബസുകൾ പത്തെണ്ണത്തിനും ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ഇവയെല്ലാം 4 സിലിണ്ടര്‍ ഡീസല്‍ ബസുകളാണ്.