സോയ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ

12:05 PM May 13, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ

    കട്ട തൈര് - അര കപ്പ്
    സോയാബീൻ - ഒരു കപ്പ്
    മുളകുപൊടി - ഒന്നര ടീസ്‌പൂൺ
    മല്ലിപ്പൊടി - രണ്ട് ടീസ്‌പൂൺ
    ജീരകപ്പൊടി - അര ടീസ്‌പൂൺ
    മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ
    ഉപ്പ് - ആവശ്യത്തിന്
    ആറ് വെളുത്തുള്ളി
    അര കഷ്ണം ഇഞ്ചി അരിഞ്ഞത്
    രണ്ട് സവാള അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

തൈരിൽ മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, മഞ്ഞൾപ്പൊടി ഉപ്പ് എന്നിവ ചേർത്ത് കലക്കിവയ്ക്കണം. ഇനി വെള്ളം നന്നായി തിളപ്പിച്ച ശേഷം ഇത് അടുപ്പിൽ നിന്ന് വാങ്ങിവച്ചിട്ട് ഒരു കപ്പ് സോയ ചങ്ക്‌സ് ചേർത്ത് രണ്ടോ മൂന്നോ മിനിട്ട് മാറ്റിവയ്ക്കാം. തുടർന്ന് വെള്ളം അരിച്ചെടുത്ത് സോയയിലെ വെള്ളം കൂടി അമർത്തിക്കളയണം. അടുത്തതായി അടുപ്പിൽ ചീനച്ചട്ടിവച്ച് എണ്ണയൊഴിച്ച് ചൂടാക്കിയതിനുശേഷം ഇഞ്ചി, വെളുത്തുള്ളി, സവാള അരിഞ്ഞത് എന്നിവ ചേർത്ത് വഴറ്റിയെടുക്കാം. ഇത് തണുത്തതിനുശേഷം മിക്‌സി ജാറിലിട്ട് അരച്ചെടുക്കണം.

ഒരു പാനിൽ എണ്ണ ചൂടാക്കി അതിൽ ജീരകമിട്ട് ചൂടാക്കിയതിനുശേഷം സവാള- വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ്, തൈര് മസാലകൾ ചേർത്തത് എന്നിവ യോജിപ്പിക്കുക. തൈര് പിരിഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇതിലേയ്ക്ക് സോയ വേവിച്ചത്, കുറച്ച് ഗരം മസാല, മല്ലിയില എന്നിവകൂടി ചേർത്ത് ഇളക്കി രണ്ടുമിനിട്ടിനുശേഷം വാങ്ങാം. നല്ല സ്വാദിഷ്‌ടമായ സോയ കറി റെഡി.