+

വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ നടത്തുന്നത് ശക്തമായ ഇടപെടൽ: മന്ത്രി എം.ബി. രാജേഷ്

ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ സംഘടിപ്പിക്കുന്ന ജില്ലാ ഓണം ഫെയറിനും സഞ്ചരിക്കുന്ന ഓണച്ചന്തയ്ക്കും ജില്ലയിൽ തുടക്കമായി.

പാലക്കാട് : ​ ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ സംഘടിപ്പിക്കുന്ന ജില്ലാ ഓണം ഫെയറിനും സഞ്ചരിക്കുന്ന ഓണച്ചന്തയ്ക്കും ജില്ലയിൽ തുടക്കമായി. കോട്ട മൈതാനിയിൽ നടന്ന ചടങ്ങിൽ ഓണം ഫെയറിന്റെ ഉദ്ഘാടനവും സഞ്ചരിക്കുന്ന ഓണച്ചന്തയായ 'മൊബൈൽ മാവേലി'യുടെ ഫ്ലാഗ് ഓഫും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.

പഞ്ഞമില്ലാത്ത ഓണം ആഘോഷിക്കാൻ എല്ലാവർക്കും അവസരം ഒരുക്കുക എന്നതാണ് ഓണച്ചന്തകളിലൂടെയും ഓണം ഫെയറുകളിലൂടെയും സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ ശക്തമായ ഇടപെടലാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.
സപ്ലൈകോ, സഹകരണവകുപ്പ്, കുടുംബശ്രീ തുടങ്ങി വിവിധ ഏജൻസികളും വകുപ്പുകളും നടത്തുന്ന ഓണചന്തകൾ ഇതിനു ഉദാഹരണങ്ങളാണ്. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും ജനങ്ങളുടെ ക്ഷേമകാര്യങ്ങളിൽ മുടക്കമില്ലാതെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​പാലക്കാട് കോട്ട മൈതാനിയിലാണ്  ജില്ലാ ഓണം ഫെയർ നടക്കുന്നത്. 'മൊബൈൽ മാവേലി' എന്ന പേരിലുള്ള സഞ്ചരിക്കുന്ന ഓണച്ചന്തകൾ എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തും. ഉത്രാടം ദിനമായ സെപ്റ്റംബർ 4 വരെ ഇവ  പ്രവർത്തിക്കും. 
റേഷൻ കാർഡ് ഉടമകൾക്ക് സബ്സിഡി നിരക്കിൽ 13 ഇനം അവശ്യ സാധനങ്ങൾ ഇവിടെ നിന്നും ലഭിക്കും. ഇതിനു പുറമേ, സബ്സിഡി ഇല്ലാത്ത മറ്റ് നിത്യോപയോഗ സാധനങ്ങൾക്ക് എം.ആർ.പിയിൽനിന്ന് 5% മുതൽ 50% വരെ വിലക്കിഴിവും ലഭ്യമാണ്. വിവിധ ഉത്പന്നങ്ങളുടെ കോംബോ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
​എ.എ.വൈ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങൾക്കും സൗജന്യ ഓണക്കിറ്റുകൾ നൽകും. ആകർഷകമായ വിലയിൽ സമൃദ്ധി കിറ്റ്, മിനി സമൃദ്ധി കിറ്റ്, ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയും ഗിഫ്റ്റ് കാർഡ് കൂപ്പണുകളും ലഭിക്കും. 1000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളിൽനിന്ന് നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകും.

​ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ അധ്യക്ഷത വഹിച്ച ഉദ്ഘാടന ചടങ്ങിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ആദ്യ വിൽപ്പന നിർവഹിച്ചു. ജില്ലാ സപ്ലൈ ഓഫീസർ എ.എസ്. ബീന, പാലക്കാട് സപ്ലൈകോ ഡിപ്പോ അസിസ്റ്റന്റ് മാനേജർ മോളി ജോൺ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. 

facebook twitter