നിലമ്പൂർ ജില്ലാശുപത്രിയുടെ ചരിത്രത്തിലില്ലാത്തത്ര വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു : മന്ത്രി വീണാ ജോർജ്

07:38 PM Aug 07, 2025 | AVANI MV

മലപ്പുറം : 2016-25 കാലഘട്ടത്തിൽ നിലമ്പൂർ ജില്ലാശുപത്രിയുടെ ചരിത്രത്തിലില്ലാത്തത്ര വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. 2024-25 എൻ.എച്ച്.എം. ആർ.ഒ.പി. പ്രകാരം അനുവദിച്ച 89.64 ലക്ഷം രൂപ ചെലവഴിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ ഒ.പി. ബിൽഡിംഗിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ കാലത്ത് നിലമ്പൂരിലെ  മാതൃ-ശിശു ആശുപത്രിക്ക് അധിക ഫണ്ട് അനുവദിക്കുകയും മാതൃ-ശിശു ആശുപത്രി പുനരാംരംഭിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രവർത്തനം ഡിസംബറോടുകൂടി പൂർത്തീകരിക്കാൻ സാധിക്കും. 

മലപ്പുറം ജില്ലയിലെ ആദ്യത്തെ ജില്ലാതല നിർണയ ഹബ് ആന്റ് സ്‌പോക്ക് നെറ്റ്‌വർക്കിംഗിന്റെ ഭാഗമായി ഹബ് ലാബ് നിർമ്മാണത്തിനായി 1 കോടി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ നടന്നുവരികയാണ്. ഈ ഒ.പി. ബിൽഡിങ് സാധ്യമാകുന്നതിലൂടെ നിലമ്പൂർ പ്രദേശത്തെ ഗോത്രവിഭാഗങ്ങളുൾപ്പെടെയുളളവർക്ക് ഏറെ പ്രയോജനകരമാകും. നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഒ.പി. ബ്ലോക്കിലെ സ്ഥല പരിമിതി പുതിയ ഒ.പി. ബിൽഡിംഗ് വരുന്നതിലൂടെ പരിഹരിക്കപ്പെടും.  നിലവിൽ സ്ഥലപരിമിതികൾ ഉള്ള ഡെന്റൽ ഒ.പി., ഫിസിയോതെറാപ്പി എന്നിവ മികച്ച സൗകര്യങ്ങളോടുകൂടി പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് സാധിക്കും.  ശലഭം കോർണർ, ബ്ലഡ് ബാങ്ക് കാത്തിരിപ്പുകേന്ദ്രം, രോഗികൾക്കുള്ള ശുചി മുറികൾ എന്നിവയും പുതിയ കെട്ടിടത്തിൽ പ്രവർത്തന സജ്ജമാവുമെന്നും മന്ത്രി പറഞ്ഞു.

നിലമ്പൂർ നിയോജക മണ്ഡലം എംഎൽഎ ആര്യാടൻ ഷൗക്കത്ത് അധ്യക്ഷനായ ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായിൽ മുത്തേടം, നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം, ഡി.എം.ഒ ഡോ.ആർ രേണുക, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ.അനൂപ്, നിലമ്പൂർ ജില്ലാശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബു, ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ. ഷെറോണ റോസ്, നിലമ്പൂർ നഗരസഭ വൈസ് ചെയർമാൻ കക്കാടൻ റഹീം, വാർഡ് കൗൺസിലർ അരുമ ജയകൃഷ്ണൻ, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിനു, ആർദ്രം നോഡൽ ഓഫീസർ ഡോ. കെ.കെ. പ്രവീണ, എച്ച്.എം.സി മെമ്പർമാർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.