അനുജന് ജോലിയുണ്ടെന്ന് പറഞ്ഞ് മാനസികമായി തളര്‍ത്തിയതിന് പിന്നാലെ അമ്മയെ കൊലപ്പെടുത്തി മൂത്ത മകന്‍. ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് പൂര്‍വ് ഗ്രാമത്തിലാണ് സംഭവം. 58 കാരിയായ കാന്തി ദേവിയെയാണ് മകന്‍ സന്ദീപ് വാല്‍മീകി കൊലപ്പെടുത്തിയത്.
മുനിസിപ്പാലിറ്റിയില്‍ ശുചീകരണ തൊഴിലാളികളായിരുന്നു കാന്തി ദേവിയും ഭര്‍ത്താവും. ഭര്‍ത്താവ് മരിച്ചതോടെ ആശ്രിത നിയമനമായി മക്കള്‍ക്ക് ജോലി നല്‍കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. ഈ ജോലിക്ക് ഇളയ മകനെ കാന്തി ദേവി ശുപാര്‍ശ ചെയ്തു. ഇതോടെയാണ് വീട്ടില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. നാല് വര്‍ഷം മുന്‍പാണ് അച്ഛന്‍ മരിച്ചതെന്നും ഈ ജോലി അനുജനുവേണ്ടി താന്‍ അറിയാതെ ഇത്രയും കാലം മാറ്റിവെച്ചുവെന്നും അതില്‍ അസ്വസ്ഥനായിരുന്നെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. അനുജന് ജോലി ലഭിച്ചെന്ന കാരണത്താല്‍ വീട്ടില്‍ അവഗണന നേരിട്ടിരുന്നു. കുടുംബസ്വത്തിനെ ചൊല്ലി ഇടയ്ക്കിടെ തര്‍ക്കങ്ങളുണ്ടായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
ജോലി സംബന്ധിച്ച് മാതാവ് വീണ്ടും തര്‍ക്കിച്ചതിന് പിന്നാലെ യുവാവ് തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ മരണം സ്ഥിരീകരിച്ചു. ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ച കാന്തി ദേവിയുടെ സഹോദരനും പരിക്കേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാന്തി ദേവിയുടെ മുഖത്തും തലയ്ക്കുമാണ് പരിക്ക്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.