
ലാഹോർ: പഹൽഗാം ഭീകരാക്രമണം നിർഭാഗ്യകരമായ സംഭവമാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ്. എന്നാൽ, സംഭവത്തെ മേഖലയുടെ സമാധാനം തകർക്കാനാണ് ഇന്ത്യ ഉപയോഗിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.
അസർബൈജാനിൽ നടക്കുന്ന ഇക്കണോമിക് കോപ്പറേഷൻ ഓർഗനൈസേഷൻ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പരാമർശം. കശ്മീരിൽ പ്രാകൃതമായ രീതിയിലാണ് ഇന്ത്യൻ സർക്കാർ ആളുകളെ നേരിടുന്നതെന്ന ആരോപണവും ശരീഫ് ഉയർത്തി. ഇറാനിലും ഗസ്സയിലും ഇസ്രായേൽ ആളുകളെ നേരിടുന്നത് ഈ രീതിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായ നടത്തിയ ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നിരവധി പാഠങ്ങൾ പഠിച്ചെന്ന് ഇന്ത്യൻ സൈന്യത്തിന്റെ ഉപമേധാവി വെളിപ്പെടുത്തിയിരുന്നു. അതിർത്തിയിൽ ഇന്ത്യ നേരിട്ടത് പാകിസ്താൻ, ചൈന, തുർക്കിയ എന്നീ മൂന്ന് ശത്രുക്കളെയാണെന്നും അതിൽ ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കാനുള്ള പരീക്ഷണശാലയാക്കി സംഘർഷത്തെ മാറ്റിയെന്നും ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിങ് വെളിപ്പെടുത്തി. ആധുനിക യുദ്ധമുഖത്തെ സങ്കീർണത വ്യക്തമാക്കുന്ന സംഘർഷമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
26 പേർ കൊല്ലപ്പെട്ട ഏപ്രിൽ 22ലെ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നായിരുന്നു ഇന്ത്യ-പാക് സംഘർഷം ഉടലെടുത്തത്. പാകിസ്താന് തിരിച്ചടി നൽകാൻ ‘ഓപറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയ ഇന്ത്യക്ക് ആദ്യ രണ്ടുനാളിൽ തിരിച്ചടി നേരിട്ടതും യുദ്ധവിമാനം നഷ്ടമായതും ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ വിദേശത്ത് പോയി പറഞ്ഞത് വിവാദമായിരുന്നു. അതിന് ശേഷമാണ് ഇന്ത്യൻ സൈന്യത്തിലെ രണ്ടാമത്തെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന്റെ തുറന്നുപറച്ചിൽ.