
ഇസ്‌ലാമബാദ് : ഭീകര സംഘടനയായ ജയ്ശെ മുഹമ്മദ് തലവൻ മസൂദ് അസ്ഹർ എവിടെയെന്ന് പാകിസ്താന് അറിയില്ലെന്നും, പാക് മണ്ണിലുണ്ടെന്നതിൻറെ വിവരം കൈമാറാൻ ഇന്ത്യ തയാറാണെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി. മസൂദ് അസ്ഹറിനെയും ലശ്കറെ തയ്യിബ തലവൻ ഹാഫിസ് സയീദിനെയും പിടികൂടി കൈമാറാൻ പാകിസ്താൻ തയാറാകണമെന്ന് ഇന്ത്യ നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ബിലാവൽ ഭൂട്ടോയുടെ പ്രതികരണം.
“ഹാഫിസ് സയീദ് പാകിസ്താനിൽ സ്വതന്ത്രനായി നടക്കുവെന്ന രീതിയിൽ വരുന്ന റിപ്പോർട്ടകൾ ശരിയല്ല. പാകിസ്താൻറെ കസ്റ്റഡിയിലാണയാൾ. മസൂദ് അസ്ഹർ പാകിസ്താനിൽ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അഫ്ഗാൻ ജിഹാദുമായുള്ള മുൻബന്ധം പരിഗണിക്കുമ്പോൾ, അയാൾ അഫ്ഗാനിസ്താനിൽ ഉണ്ടാകാൻ സാധ്യതയുണ്ട്. പാക് മണ്ണിൽ അസ്ഹറുണ്ടെന്നതിന് വ്യക്തമായ തെളിവ് കൈമാറാൻ ഇന്ത്യ തയാറായാൽ അറസ്റ്റ് ചെയ്യും. എന്നാൽ അത്തരത്തിലൊരു സമീപനം ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഭീകരതക്കെതിരായ പോരാട്ടത്തിൻറെ ഭാഗമാണിതെല്ലാം. എന്നാൽ അസ്ഹർ അഫ്ഗാനിസ്താനിൽ ആണെങ്കിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനാകില്ല. ഒരുകാലത്ത് പാശ്ചാത്യ രാജ്യങ്ങൾ ഭീകരരെന്ന് വിശഷിപ്പിച്ചവർക്ക് തന്നെ അധികാരം കൈമാറി നാറ്റോ പിന്മാറി. നാറ്റോക്ക് ചെയ്യാനാകാത്തത് പാകിസ്താന് അവിടെ ചെയ്യാനാകില്ല” -അൽജസീറക്ക് നൽകിയ അഭിമുഖത്തിൽ പാകിസ്താൻ പീപ്പിൾസ് പാർട്ടി അധ്യക്ഷൻ കൂടിയായ ബിലാവൽ ഭൂട്ടോ പറഞ്ഞു.