പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഡീയസ് ഈറെ' തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണമാന് നേടിക്കൊണ്ടിരിക്കുന്നത്. ഹൊറര്‍ ഴോണറില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം മുതല്‍ തന്നെ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു കിട്ടികൊണ്ടിരിക്കുന്നത്. പ്രണവിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് ഡീയസ് ഈറെയിലെ രോഹന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. അതേസമയം കളക്ഷനിലും വമ്പന്‍ കുതിപ്പാണ് ചിത്രം നടത്തുന്നത്.
റിലീസ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് മാത്രം 22.36 കോടി രൂപ നേടിയെന്നാണ് പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ആഗോള കളക്ഷനായി ചിത്രം 44 കോടിയോളം രൂപ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. കളക്ഷനില്‍ ഈ മുന്നേറ്റം തുടര്‍ന്നാല്‍ പ്രണവിന്റെ കരിയറിലെ മൂന്നാം 50 കോടി ചിത്രമായി ഡീയസ് ഈറെ മാറും. നേരത്തെ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം, വര്‍ഷങ്ങള്‍ക്കു ശേഷം എന്നീ ചിത്രങ്ങളിലൂടെ 50 കോടി ക്ലബ്ബില്‍ പ്രണവ് ഇടം നേടിയിരുന്നു.