പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബെംഗളൂരുവില്‍. ബെംഗളുരു മെട്രോയുടെ യെല്ലോ ലൈനിന്റെ ഉദ്ഘാടനം അടക്കം വിവിധ പദ്ധതികള്‍ മോദി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷമുള്ള പൊതുപരിപാടിയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ പട്ടിക ആരോപണത്തില്‍ മോദി മറുപടി നല്‍കുമോയെന്നതും ശ്രദ്ധേയമാണ്.
ആര്‍ വി റോഡ് മുതല്‍ ബൊമ്മസാന്ദ്ര വരെ 16 സ്റ്റേഷനുകളുമായി 19 കിലോമീറ്റര്‍ ദൂരം യാത്ര ചെയ്യാവുന്ന നമ്മ മെട്രോയുടെ യെല്ലോ ലൈന്‍ തെക്കന്‍ ബെംഗളൂരുവിന്റെ ട്രാഫിക് കുരുക്കിന് വലിയ ആശ്വാസമാണ്.എപ്പോഴും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഇലക്ട്രോണിക് സിറ്റി, സില്‍ക്ക് ബോര്‍ഡ് ജങ്ഷന്‍ എന്നീ മേഖലകളിലൂടെയാണ് യെല്ലോ ലൈന്‍ കടന്ന് പോകുന്നത്.
25 മിനിറ്റ് കൂടുമ്പോള്‍ സര്‍വീസ് നടത്തുന്ന മൂന്ന് മെട്രോ ട്രെയിനുകളാണ് ഈ ലൈനിലുള്ളത്. ഇവയെല്ലാം ഡ്രൈവറില്ലാ ട്രെയിനുകളാണെന്നതാണ് മറ്റൊരു പ്രത്യേകത. 7160 കോടി രൂപ ചെലവിട്ടാണ് യെല്ലോ ലൈന്‍ നിര്‍മിച്ചത്. യെല്ലോ ലൈന്‍ കൂടി പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബെംഗളുരുവിന്റെ 96 കി മീ ദൂരം മെട്രോ ലൈന്‍ കണക്റ്റിവിറ്റിയുള്ളതാകും. ബെംഗളൂരു മെട്രോയുടെ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.
15610 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. രാവിലെ 11 മണിക്ക് ബെംഗളൂരുവില്‍ നിന്ന് മൂന്ന് വന്ദേ ഭാരത് ട്രെയിനുകളുടെ സര്‍വീസ് മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. ബെംഗളൂരു - ബെലഗാവി, അമൃത്സര്‍ - വൈഷ്‌ണോ ദേവി കത്ര, നാഗ്പൂര്‍ - പുനെ വന്ദേ ഭാരത് ട്രെയിനുകളാണ് ഒന്നിച്ച് ഫ്‌ലാഗ് ഓഫ് ചെയ്യുക. ഇതിനുശേഷം ഒരു മണിയോടെ ബെംഗളൂരുവിലെ വിവിധ നഗരവികസനപദ്ധതികളുടെ ഉദ്ഘാടനവുമുണ്ട്. അതിനുശേഷം ഒരു പൊതുപരിപാടിയിലും മോദി സംസാരിക്കും.