​ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ എം.എൽ.എ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യും ; രമേശ് ചെന്നിത്തല

12:16 PM Aug 24, 2025 |


കൊച്ചി: ആരോപണങ്ങൾ ആവർത്തിച്ചതോടെ കോൺഗ്രസിനുള്ളിൽ ഒറ്റപ്പെട്ട ​രാഹുൽ മാങ്കൂട്ടത്തിലിന്റെ എം.എൽ.എ സ്ഥാനത്തു നിന്നുള്ള രാജിക്ക് സമ്മർദമേറുന്നു. പ്രതിപക്ഷ നേതാവും യു.ഡി.എഫ് ചെയർമാനുമായ വി.ഡി സതീശൻ രാജി ആവശ്യത്തിൽ ഉറച്ചു നിൽക്കുമ്പോൾ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തലയും രാജി ആവശ്യപ്പെട്ടു. ​ഇനിയും വെളിപ്പെടുത്തലുകൾക്ക് സാധ്യതയുള്ളതിനാൽ രാഹുൽ എം.എൽ.എ പദവിയിൽ തുടരുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ് ദാസ് മുൻഷി എന്നിവരുമായുള്ള ചർച്ചയിലാണ് ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.

ഓരോ ദിവസവും പുതിയ വെളിപ്പെടുത്തലുകൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ ജനപ്രതിനിധി പദവിയിൽ തുടരുന്നത് തദ്ദേശ -നിയമ സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ ദോഷമായി ബാധിക്കുമെന്നാണ് ചെന്നിത്തല അറിയിച്ചത്. ഇത് ഹൈകമാൻഡിനെയും അദ്ദേഹം അറിയിച്ചു. ഒരു നിമിഷം പോലും അദ്ദേഹം സ്ഥാനം തുടരരുതെന്ന് ചെന്നിത്തല കർശനമായി നിർദേശിച്ചുവെന്നാണ് റിപ്പോർട്ട്.

കൂടുതൽ തെളിവുകൾ പുറത്തുവരുന്ന സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡൻറ് മുതിർന്ന നേതാക്കളുമായി ചർച്ച തുടരുകയാണ്. ചർച്ചയിൽ എല്ലാവരും രാഹുലിനെ കൈവിട്ടതായാണ് റിപ്പോർട്ട്. അതേസമയം, കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ മാത്രമാണ് രാഹുലിന് പിന്തുണയുമായുള്ളത്. സാമൂഹിക മാധ്യമ പ്രതികരണങ്ങൾക്കപ്പുറം ഒരു പരാതി പോലും കേസായി രജിസ്റ്റർ ചെയ്യാത്ത പശ്ചാത്തലത്തിൽ തിരക്കിട്ട് രാജി വേണ്ടെന്നും മറുപക്ഷം വാദിക്കുന്നു.

കോൺഗ്രസ് നിയമസഭ കക്ഷിയുടെ ഭാഗമായി രാഹുൽ തുടരുന്നതിനെ വി.ഡി സതീശൻ തള്ളി. കുറ്റാരോപിതരെ സംരക്ഷിക്കില്ലെന്നും പാർട്ടി നിലപാട് വൈകില്ലെന്നും കെ. മുരളീധരനും പ്രതികരിച്ചു.

അതേസമയം, ​ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചെത്തിയ രാഹുൽ പൊതു തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ബാക്കി നിൽക്കെ രാജിവെക്കുകയാണെങ്കിൽ വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയേക്കുമോ എന്ന ആശങ്കയും പാർട്ടിക്കുണ്ട്. ഇത് സീറ്റ് കൈവിടാനും, വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാവാനും സാധ്യതയുണ്ടെന്നും വിലയിരുത്തുന്നു. ഈ വിഷയത്തിൽ പാർട്ടി നിയമോപദേശം തേടുന്നതായും റിപ്പോർട്ടുണ്ട്.

സ്ത്രീകൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു, മോശമായി സംസാരിച്ചു, പരാതിയുന്നയിച്ചവരെ ഭീഷണിപ്പെടുത്തി തുടങ്ങിയ വിവിധ ആരോപണങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നത്. ആരോപണങ്ങളെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാലക്കാട് എം.എൽ.എ സ്ഥാനത്തു നിന്നുള്ള രാജിക്കും സമ്മർദമേറുന്നത്.