ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റീല്‍സ് ചിത്രീകരണം; കുളത്തില്‍ പുണ്യാഹം നടത്തും, ദര്‍ശനത്തിന് നിയന്ത്രണം

10:39 AM Aug 26, 2025 |


ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഇന്ന് ദർശന നിയന്ത്രണം. ക്ഷേത്രക്കുളത്തില്‍ അഹിന്ദു വനിത ഇറങ്ങി വീഡിയോ ഷൂട്ടിംഗ് നടത്തിയതിനെ തുടർന്ന് ആചാരലംഘനം നടന്നെന്നും അതിനാല്‍ ക്ഷേത്രത്തില്‍ ശുദ്ധി കർമ്മങ്ങള്‍ നടക്കുന്നതുമൂലം രാവിലെ 5 മണി മുതല്‍ ഉച്ചവരെ ദർശന നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.പുണ്യാഹകർമ്മങ്ങള്‍ കഴിഞ്ഞശേഷം വൈകുന്നേരം മാത്രമേ ഭക്തജനങ്ങള്‍ക്ക്‌ ദർശനത്തിനായി നാലമ്ബലത്തിനകത്തയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ.

അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയ സംഭവത്തെ തുടർന്നാണ് പുണ്യാഹം നടത്തുന്നതെന്നും ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവർത്തിക്കുമെന്നും ദേവസ്വം ബോർഡ് ഭാരവാഹികള്‍ അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും..ശ്രീകൃഷ്ണ ഭഗവാനെ ആറാടിക്കുന്നത് ക്ഷേത്രക്കുളത്തിലാണ്. ക്ഷേത്രത്തിന്റെ ഭാഗമായ പവിത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. അഹിന്ദുക്കള്‍ക്ക് കുളത്തിലിറങ്ങാൻ അനുമതിയുമില്ല.

സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫറാണ് റീല്‍സ് ചിത്രീകരണത്തിനായി ഗുരുവായൂർ ക്ഷേത്രക്കുളത്തില്‍ ഇറങ്ങിയത്. ജാസ്മിൻ ജാഫർ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.