തൃശൂർ: 16 വയസുകാരിയായ പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ 24 വയസുകാരന് 39 വർഷം കഠിന തടവും 2,40,000 രൂപ പിഴയും ശിക്ഷ. 2022 ഡിസംബർ 14നാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. തൃശ്ശൂർ മതിലകം മാങ്ങാലി പറമ്പിൽ റിൻഷാദിനെയാണ് (24) ചാവക്കാട് അതിവേഗ സ്പെഷൽ കോടതി ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. കോടതി വിധിച്ച പിഴ പ്രതി അടക്കാത്ത പക്ഷം 21 മാസം കൂടി അധിക തടവ് ശിക്ഷ അനുഭവിക്കണമെന്നും വിധിയിലുണ്ട്. പ്രതിയിൽനിന്ന് പിഴ ഈടാക്കുന്ന പക്ഷം ആ പിഴ തുക അതിജീവിതയ്ക്ക് തന്നെ നൽകണമെന്നും കോടതി വിധിച്ചു.
ഇൻസ്റ്റഗ്രാമിലേക്ക് മോശം സന്ദേശങ്ങൾ അയച്ചും നിരന്തരം നിർബന്ധിച്ചുമാണ് അതിജീവിതയെ റിൻഷാദ് പീഡിപ്പിച്ചത്. പിന്നീട് സംഭവം ചാവക്കാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‍പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ കോടതിയിൽ ഹാജരായി.