സുല്‍ത്താന്‍ ബത്തേരിയിലെ ഹേമചന്ദ്രന്‍ കൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വയനാട് സ്വദേശിയായ വെല്‍ബിന്‍ മാത്യൂ എന്ന അഞ്ചാമത്തെ പ്രതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറില്‍ വെല്‍ബിന്‍ സാക്ഷിയായി ഒപ്പുവെച്ചിരുന്നു. മാത്രമല്ല ഇയാള്‍ ഹേമചന്ദ്രനോടും മറ്റ് പ്രതികളോടുമൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24-നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടുനിന്ന് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്റെ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടിയിലെ വനപ്രദേശത്തുനിന്ന് പൊലീസ് കണ്ടെത്തിയത്. ഈ കേസില്‍ നേരത്തെ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവര്‍ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ പിടിയിലായ വെല്‍ബിന്‍ മാത്യൂ ഈ കേസില്‍ അറസ്റ്റിലാകുന്ന അഞ്ചാമത്തെ പ്രതിയാണ്.
കേസിലെ മുഖ്യപ്രതിയായ നൗഷാദ് വിദേശത്ത് നിന്ന് ഫേസ്ബുക്ക് വീഡിയോയിലൂടെ ഹേമചന്ദ്രന്റേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് വാദിച്ചിരുന്നു. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്തത് കണ്ടപ്പോള്‍ താനും സുഹൃത്തുക്കളും മൃതദേഹം മറവുചെയ്യുകയായിരുന്നുവെന്നും 30-ഓളം പേര്‍ക്ക് ഹേമചന്ദ്രന്‍ പണം നല്‍കാനുണ്ടായിരുന്നെന്നും നൗഷാദ് അവകാശപ്പെട്ടു. പണം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍ കരാറില്‍ ഒപ്പിടിപ്പിച്ച് ഹേമചന്ദ്രനെ വീട്ടില്‍ വിട്ടതാണ് തങ്ങളെന്നും നൗഷാദ് പറഞ്ഞിരുന്നു. മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിരുന്നു.