+

സണ്ണി ജോസഫ് എംഎൽഎ കെപിസിസി പ്രസിഡന്റ്

കെ.പി.സിസി. പ്രസിഡന്റ് ആയി സണ്ണി ജോസഫ് എം.എൽ.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കൺവീനറായും

 
ന്യൂഡൽഹി;  കെ.പി.സിസി. പ്രസിഡന്റ് ആയി സണ്ണി ജോസഫ് എം.എൽ.എയെ നിയമിച്ചു. എം.എം. ഹസനു പകരമായി അടൂർ പ്രകാശ് എം.പിയെ യു.ഡി.എഫ്. കൺവീനറായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിയുന്ന കെ. സുധാകരന് കോൺഗ്രസ് പ്രവർത്തക സമിതിയിലെ ക്ഷണിതാവാക്കി.

പി.സി. വിഷ്ണുനാഥ്, എ.പി. അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരാണ് കെപിസിസിയുടെ പുതിയ വർക്കിങ് പ്രസിഡന്റുമാർ. പത്തനംതിട്ട എംപി ആന്റോ ആന്റണിയുടെ പേര് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് അവസാന നിമിഷം വരെ പരിഗണിച്ചിരുന്നെങ്കിലും കെ. സുധാകരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് സുധാകരന്റെ അടുത്ത അനുയിയായ സണ്ണി ജോസഫിനെ നിയമിച്ചത്.

2011 മുതൽ പേരാവൂർ എംഎൽഎയായ സണ്ണി ജോസഫ് നിലവിൽ യുഡിഎഫ് കണ്ണൂർ ജില്ലാ ചെയർമാനാണ്. കൊടിക്കുന്നിൽ സുരേഷ്, ടി.എൻ പ്രതാപൻ, ടി.സിദ്ദിഖ് എന്നിവരായിരുന്നു നിലവിൽ വർക്കിങ് പ്രസിഡന്റുമാർ.

കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള അകല്‍ച്ച സംഘടനാ സംവിധാനത്തെ നിശ്ചലമാക്കുന്നെന്ന വിലയിരുത്തല്‍ ഹൈക്കമാന്‍ഡിനുമുണ്ട്. പ്രധാന വിഷയങ്ങളില്‍പ്പോലും കൂട്ടായ ചര്‍ച്ചയിലൂടെ പൊതുനിലപാട് സ്വീകരിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.പി.സി.സി. പ്രസിഡന്റിനെ മാറ്റിയത്.

ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് പ്രസിഡന്റ് വേണമെന്ന അഭിപ്രായത്തിനായിരുന്നു കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ആശയവിനിമയത്തില്‍ മേല്‍ക്കൈ. എ.കെ. ആന്റണി സജീവ നേതൃത്വത്തില്‍നിന്ന് പിന്മാറുകയും ഉമ്മന്‍ ചാണ്ടി അന്തരിക്കുകയും ചെയ്തതിനുശേഷം ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്ന് മുന്‍നിര നേതാക്കളില്ലെന്നത് പോരായ്മയാണെന്നാണ് വിലയിരുത്തല്‍.  

Sunny Joseph MLA KPCC President

facebook twitter