കൊച്ചി: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുന്‍പും ശേഷവുമെല്ലാം വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലാത്ത വ്യക്തിയാണ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എംപിയായ ശേഷം സുരേഷ് ഗോപിയുടെ പെരുമാറ്റം സ്വന്തം അണികളുടെ തന്നെ രൂക്ഷ വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഏറ്റവും പുതിയ വീഡിയോയും ജനങ്ങളെ അമ്പരപ്പിക്കുന്നതാണ്. ഒരു പരിപാടിക്കിടെ വൃദ്ധയായ സ്ത്രീക്ക് കൈകൊടുക്കുന്നതും അവര്‍ക്കുമുന്നില്‍ വെച്ചുതന്നെ കൈ കഴുകുന്നതുമാണ് വീഡിയോയിലുള്ളത്.
എപ്പോള്‍ നടന്ന സംഭവമാണെന്നും ഏതു സാഹചര്യത്തിലാണ് അദ്ദേഹം അവര്‍ക്കുമുന്നില്‍വെച്ച് തന്നെ കൈകഴുകിയതെന്നും വ്യക്തമല്ല. യുവതികളാണെങ്കില്‍ ചേര്‍ത്തുപിടിക്കുന്ന സുരേഷ് ഗോപി വൃദ്ധയെ അപമാനിക്കുകയാണ് ചെയ്തതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.
സുരേഷ് ഗോപിയുടെ പ്രവര്‍ത്തി ന്യായീകരിക്കാന്‍ കഴിയാത്തതാണെന്നാണ് വിമര്‍ശകരുടെ കുറ്റപ്പെടുത്തല്‍. രാഷ്ട്രീയ നേതാക്കളുടെ കാപട്യം നിറഞ്ഞ പ്രവര്‍ത്തികളാണ് ഇതിലൂടെ പുറത്തുവന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈവെച്ചതും ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയെ ഇറക്കിവിട്ടതും സുരേഷ് ഗോപിയെ വലിയ വിവാദത്തിലാക്കിയിരുന്നു. നടന്നുപോകവെ മുന്നില്‍ നിന്നയാളുടെ കൈ തട്ടിമാറ്റുന്നതും മാധ്യമപ്രവര്‍ത്തകരെ കഴുത്തില്‍ പിടിച്ച് തള്ളിയതുമെല്ലാം അടുത്ത കാലത്ത് സുരേഷ് ഗോപിയുടെ മോശം പ്രവര്‍ത്തിയായി വിലയിരുത്തപ്പെട്ടു. ജനങ്ങളുടെ വോട്ടുനേടി എംപി ആയശേഷം അവരെ അടിമകളെപ്പോലെ കാണുന്ന സംസ്‌കാരമാണ് സുരേഷ് ഗോപിയുടേതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.