അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍

07:03 AM Aug 20, 2025 | Suchithra Sivadas

അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാന്‍ വ്യവസ്ഥ ചെയ്യുന്ന സുപ്രധാന ഭരണഘടന ഭേദഗതി ബില്‍ ഇന്ന് ലോക്‌സഭയില്‍. അഞ്ച് വര്‍ഷമോ കൂടുതലോ ശിക്ഷ കിട്ടാവുന്ന കേസുകളില്‍ അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടന്നാല്‍ മന്ത്രിസ്ഥാനം പോകുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിമാര്‍ക്കും ഇത് ബാധകമായിരിക്കും. തുടര്‍ച്ചയായി 30 ദിവസം ഒരു മന്ത്രി പൊലീസ്, ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കിടന്നാല്‍ 31-ാം ദിവസം മന്ത്രിസഭയില്‍ നിന്ന് നീക്കണമെന്നാണ് ബില്ലിലെ വ്യവസ്ഥ.


പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഇതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയില്ലെങ്കിലും മന്ത്രിസ്ഥാനം നഷ്ടമായതായി കണക്കാക്കും. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍ എന്നിവരാണ് അറസ്റ്റിലായി 30 ദിവസം കസ്റ്റഡിയില്‍ കിടക്കുന്നതെങ്കിലും മുപ്പത്തിയൊന്നാം ദിവസം സ്ഥാനം നഷ്ടമാകും. അതായത് മന്ത്രിസഭ തന്നെ അതോടെ വീഴും. അതേസമയം, ജയില്‍ മോചിതരായാല്‍ ഈ സ്ഥാനത്ത് തിരികെ വരുന്നതിന് തടസമില്ലെന്നും ബില്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍ രണ്ട് വര്‍ഷമെങ്കിലും തടവ് ശിക്ഷ കിട്ടുന്നവര്‍ അയോഗ്യരാകും എന്നതാണ് ഇപ്പോഴുള്ള ചട്ടം. പൊതുരംഗത്ത് സംശുദ്ധി ഉറപ്പാക്കാനെന്ന പേരിലാണ് വര്‍ഷകാല സമ്മേളനം അവസാനിക്കാനിരിക്കെ സര്‍ക്കാരിന്റെ ഈ നീക്കം.