മുംബൈ: 18 വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് വേദി പങ്കിട്ട് ഉദ്ധവ് താക്കറേയും രാജ് താക്കറേയും. ഞങ്ങൾ ഒന്നിച്ചാണ് വന്നതെന്നും ഒരുമിച്ച് തന്നെ നിൽക്കുമെന്നും മറാത്തി സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ ഉദ്ധവ് താക്കറെ പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് വന്നത് ഒരു തുടക്കം മാത്രമാണ്. ഇനിയും പലതും കാണാനുണ്ടെന്നും ഉദ്ധവ് താക്കറെ കൂട്ടിച്ചേർത്തു.
പ്രൈമറി ക്ലാസുകളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കം പരാജയപ്പെടുത്തിയതിന്റെ ആഘോഷച്ചടങ്ങിലാണ് ഏറെക്കാലത്തെ പിണക്കം മറന്ന് താക്കറെ സഹോദരങ്ങൾ ഒന്നിച്ചത്. മറാത്തി ഭാഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന് ഇരുവരും പറഞ്ഞു.
ശിവസേനാ സ്ഥാപകനായ ബാൽ താക്കറെയുടെ സഹോദരന്റെ പുത്രനാണ് രാജ്. 2005ൽ മകൻ ഉദ്ധവിനെ പിൻഗാമിയാക്കാൻ ബാൽ താക്കറെ തീരുമാനിച്ചതോടെ, രാജ് ശിവസേനയിൽനിന്നു പടിയിറങ്ങുകയായിരുന്നു. 2006ൽ അദ്ദേഹം മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) രൂപീകരിച്ചെങ്കിലും തുടർന്നുള്ള നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹത്തിന്റെ പാർട്ടിക്കു ശക്തി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
ബി.ജെ.പി സംസ്ഥാനത്ത് വേരുറപ്പിക്കുന്നതിനിടെയാണ് രാജ് താക്കറെയുമായി കൈകോർക്കാൻ ഉദ്ധവ് തീരുമാനിച്ചിരിക്കുന്നത്. 2022ൽ ശിവസേന പിളർത്തിയ ഏക്നാഥ് ഷിൻഡെ പ്രമുഖ നേതാക്കളെയെല്ലാം അടർത്തിമാറ്റി ബിജെപിയുമായി കൈകോർത്തതോടെ ഉദ്ധവിന്റെ ശക്തി കുറഞ്ഞത്. തുടർന്നു നടന്ന തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണ് ഇതുവരെ ശത്രുവായി കരുതിയിരുന്ന രാജുമായി കൈകോർക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കുന്നത്.