
ബാഷിങ്ടൺ ഡി.സി : പുതിയ കയറ്റുമതി താരിഫുകളെ കുറിച്ചുള്ള മാർഗനിർദേശങ്ങളടങ്ങിയ കത്തുകൾ 11 രാജ്യങ്ങൾക്ക് തിങ്കളാഴ്ച ലഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ട്രംപ് നേരിട്ട് ഒപ്പുവെച്ച കത്തുകളാണ് ഈ രാജ്യങ്ങളിലേക്കയച്ചത്. കത്തുകൾ ലഭിക്കുന്ന രാജ്യത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തിങ്കളാഴ്ച മാത്രമേ വെളിപ്പെടുത്തുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
'താരിഫുമായി ബന്ധപ്പെട്ട് ഞാൻ ചില കത്തുകളിൽ ഒപ്പുവെച്ചിട്ടുണ്ട്. അത് തിങ്കളാഴ്ച 11 രാജ്യങ്ങൾക്ക് ലഭിക്കും. കത്ത് ലഭിക്കുന്ന രാജ്യങ്ങൾക്കെല്ലാം വ്യത്യസ്ത തരത്തിലുള്ള താരിഫുകളാകും കയറ്റുമതിക്ക് ലഭിക്കുക. കത്തുകൾ ലഭിക്കുന്ന രാജ്യങ്ങളുടെ പേരുകൾ തിങ്കളാഴ്ച മാത്രമേ വെളിപ്പെടുത്തു.' ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.
പുതിയ താരിഫ് നയം ഓഗസ്റ്റ് 1 മുതൽ നിലവിൽ വരും. ഏപ്രിലിൽ കൊണ്ടുവന്ന 10 ശതമാനം അടിസ്ഥാന താരിഫ് എന്ന നയത്തിന് പുറമെയാണ് പുതിയ നയം. പുതിയ താരിഫ് നയമനുസരിച്ച് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന സാധങ്ങൾക്ക് ചില രാജ്യങ്ങൾ 70 ശതമാനം വരെ അധിക തീരുവ നൽകേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടുത്ത പ്രതിഷേധങ്ങൾക്കൊടുവിൽ പഴയ താരിഫ് നയം ജൂലൈ 9 വരെ താത്ക്കാലികമായി നിർത്തിവെച്ചിരുന്നു. താരിഫ് നയത്തിൽ യു.കെ, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി അമേരിക്ക വ്യപാര കരാറുകൾ അവസാനിപ്പിച്ചിട്ടുണ്ട്.
അതേസമയം, താരിഫ് നയത്തിൽ ചർച്ചക്കായി അമേരിക്കയിലേക്ക് പോയ രാജേഷ് അഗർവാളിന്റെ സംഘം യു.എസ് ഉദ്യോഗസ്ഥരുമായി അന്തിമ കരാറിലെത്താതെ വാഷിങ്ടണിൽ നിന്നും മടങ്ങി. യു.എസ് സമ്മർദ്ദം ചെലുത്തുന്ന കാർഷിക, പാൽ ഉൽപന്നങ്ങളുടെ വ്യാപാരം സംബന്ധിച്ച വിഷയത്തിൽ ചർച്ചക്കയാണ് ഇന്ത്യൻ ടീം അമേരിക്കയിലേക്ക് പോയത്. എന്നിരുന്നാലും ജൂലൈ 9ന് അവസാനിക്കുന്ന പഴയ തീരുവ നയത്തിനു മുമ്പ് ഇരു രാജ്യങ്ങളും ഒരു ഉപായകക്ഷി കരാറിൽ എത്താൻ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. ജൂൺ 26 മുതൽ ജൂലൈ 2 വരെ അമേരിക്കയുമായി വ്യാപാര തീരുവയിൽ ചർച്ച നടത്താനായി മറ്റൊരു ടീം വാഷിങ്ടണിൽ തുടരുന്നുണ്ട്.