പെരിന്തൽമണ്ണയിൽ ലഹരിക്കെതിരായ വിസ്ഡം സമ്മേളനം പൊലീസിനെക്കൊണ്ട് അലങ്കോലപ്പെടുത്തിയത് ജനാധിപത്യവിരുദ്ധം : വി.ഡി. സതീശൻ

02:00 PM May 14, 2025 | Neha Nair

കോഴിക്കോട്: പെരിന്തൽമണ്ണയിൽ ലഹരിക്കെതിരായ വിസ്ഡം സമ്മേളനം പൊലീസിനെക്കൊണ്ട് അലങ്കോലപ്പെടുത്തിയത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സമാപന പ്രസംഗം നടക്കുന്നതിനിടയിലാണ് പൊലീസെത്തി പ്രശ്‌നങ്ങളുണ്ടാക്കിയത്. ലഹരി വ്യാപനത്തിനെതിരെ സമൂഹത്തിന്റെ പൊതുനന്മ ലക്ഷ്യമിട്ട് നടത്തിയ പരിപാടി അലങ്കോലപ്പെടുത്തിയതിലൂടെ ലഹരി വിഷയത്തിൽ സർക്കാരും പൊലീസും എന്ത് സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.

ലഹരിക്കെതിരെ ആര് പ്രചാരണം നടത്തിയാലും അതിനെ പിന്തുണയ്ക്കുകയാണ് സർക്കാർ ചെയ്യേണ്ടിയിരുന്നത്. ലഹരിക്കെതിരായ പ്രവർത്തനങ്ങളിൽ സർക്കാരിന് ഒരു ആത്മാർഥതയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് പെരിന്തൽമണ്ണയിലെ സംഭവം. പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ഒരിക്കലും അംഗീകരിക്കാനാകില്ല. പരിപാടി അലങ്കോലപ്പെടുത്തിയതിനെ സംബന്ധിച്ച് അടിയന്തര അന്വേഷണത്തിന് നിർദേശം നൽകാനും ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.