തിരുവനന്തപുരം: പെൻഷൻവർധന പ്രഖ്യാപിച്ച സർക്കാർ, അതു വിതരണം ചെയ്യുന്നതിനുള്ള പണം കണ്ടെത്തുന്നതിന് തീവ്രനടപടികൾ ആരംഭിച്ചു . സഹകരണ ബാങ്കുകളിലും സംഘങ്ങളിലുമുള്ള മിച്ചധനം പെൻഷൻ വിതരണത്തിനായി സർക്കാരിന് നൽകാനാണ് നിർദേശം. 2000 കോടിരൂപയാണ് അടിയന്തരമായി പിരിച്ചെടുക്കുന്നത്. ഏതുവിധേനെയും സംഘങ്ങളിൽനിന്ന് പണം വാങ്ങിയെടുക്കണമെന്നാണ് ഉദ്യോഗസ്ഥർക്കുള്ള നിർദേശം.
സഹകരണബാങ്കുകളുടെ ഭരണസമിതി തീരുമാനമില്ലെങ്കിലും പണം കൈമാറാനാണ് ചില ഉദ്യോഗസ്ഥർ സെക്രട്ടറിമാരോട് പറയുന്നത്. ഭരണസമിതി പിന്നീട് തീരുമാനിച്ച് അംഗീകരിച്ചാൽ മതി. പ്രാഥമിക സഹകരണ ബാങ്കുകളിൽനിന്നുമാത്രമല്ല ഏത് സഹകരണസംഘത്തിൽനിന്നും പണം വാങ്ങാനാണ് തീരുമാനം. കൂടുതൽ പണം നൽകുന്ന ജില്ലയ്ക്ക് പുരസ്കാരം നൽകാമെന്നാണ് രജിസ്ട്രാർ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അറിയിച്ചിട്ടുള്ളത്.
സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൈയിൽ പണമില്ലെങ്കിൽ വായ്പ ഓഫറുമായി കേരളാ ബാങ്കിനെ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. പ്രാഥമിക സഹകരണബാങ്കുകളുടെയും സംഘങ്ങളുടെയും വായ്പയല്ലാത്ത മറ്റാവശ്യങ്ങൾക്കായി കരുതിവെക്കേണ്ട പണം (തരളധനം) സൂക്ഷിക്കേണ്ടത് കേരളാബാങ്കിലാണ്. നിക്ഷേപത്തിന്റെ 20 ശതമാനം തരളധനമായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. അതിലും കൂടുതൽ കേരളബാങ്കിൽ നിക്ഷേപമുള്ള സഹകരണബാങ്കുകളുമുണ്ട്. പെൻഷൻ കൺസോർഷ്യത്തിന് പണംനൽകാൻ ഈ നിക്ഷേപം ഈടുവെച്ച് കേരളാബാങ്ക് വായ്പ നൽകാമെന്നാണ് വാഗ്ദാനം.
നിക്ഷേപം ഈടുവെച്ച് കേരളാബാങ്ക് നൽകുന്ന വായ്പയ്ക്ക് 7.85 ശതമാനമാണ് പലിശ ഈടാക്കുക. ഇത് പെൻഷൻ കൺസോർഷ്യത്തിൽ നൽകിയാൽ ഒന്പതുശതമാനം പലിശ ലഭിക്കും. ഇതിലൂടെ 1.15 ശതമാനം ലാഭമുണ്ടാകുമെന്നാണ് രജിസ്ട്രാർ ചൂണ്ടിക്കാട്ടുന്ന കണക്ക്. തരളധനം പണയപ്പെടുത്തി വായ്പയെടുത്താൽ മറ്റ് അത്യാവശ്യങ്ങൾ വന്നാലും ആ നിക്ഷേപം പിൻവലിക്കാൻ കഴിയില്ല. ഇത് ബാങ്കുകളെയും സംഘങ്ങളെയും പ്രതിസന്ധിയിലേക്ക് തള്ളിവിടാനുള്ള സാധ്യത ഏറെയാണ്.