ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളായ എസ്.എസ്. രാജമൗലി ടെലിവിഷൻ സീരിയലുകളിലൂടെയാണ് തന്റെ കരിയർ ആരംഭിച്ചത്. 2001ൽ ജൂനിയർ എൻ.ടി.ആർ അഭിനയിച്ച സ്റ്റുഡന്റ് നമ്പർ 1 എന്ന ചിത്രത്തിലൂടെയാണ് രാജമൗലി ഫീച്ചർ ഫിലിമിൽ അരങ്ങേറ്റം കുറിക്കുന്നത്.
2009ൽ പുറത്തിറങ്ങിയ മഗധീരയായിരുന്നു രാജമൗലിയുടെ കരിയറിൽ വഴിത്തിരിവായ ചിത്രം. രാം ചരൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പുനർജന്മം പ്രമേയമായ ആക്ഷൻ ഡ്രാമ ഒരു ദൃശ്യവിസ്മയമായിരുന്നു. ചിത്രം ലോകമെമ്പാടുമായി 150.5 കോടി രൂപ വരുമാനം നേടി. ധീര എന്ന പേരിലാണ് ചിത്രം മലയാളത്തിൽ റിലീസ് ചെയ്തത്. തെന്നിന്ത്യയിൽ അദ്ദേഹത്തിന് നിരവധി ആരാധകരെ നേടിക്കൊടുക്കാൻ മഗധീരക്ക് കഴിഞ്ഞു.
ബാഹുബലി: ദി ബിഗിനിങ് (2015), ബാഹുബലി: ദി കൺക്ലൂഷൻ (2017) എന്നീ ചിത്രങ്ങളിലൂടെ രാജമൗലി അന്താരാഷ്ട്ര പ്രശസ്തി നേടി. ഈ ചിത്രങ്ങൾ ഒരുമിച്ച് ആഗോളതലത്തിൽ 2460 കോടി രൂപയിലധികം കലക്ഷൻ നേടി. 2022 ൽ, രാം ചരണും ജൂനിയർ എൻ.ടി.ആറും അഭിനയിച്ച ആർ.ആർ.ആർ എന്ന ചിത്രം 1387 കോടി രൂപ സമ്പാദിക്കുകയും ചിത്രത്തിലെ “നാട്ടുനാട്ടു” എന്ന ഗാനം ഇന്ത്യക്ക് ഓസ്കർ നേടിക്കൊടുക്കുകയും ചെയ്തു. ഈ ചിത്രങ്ങൾ ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർക്കുക മാത്രമല്ല, ഇന്ത്യൻ സിനിമയുടെ ആഗോള നിലവാരം ഉയർത്തുകയും ചെയ്തു.
എസ്. എസ്. രാജമൗലിയുടെ ബോക്സ് ഓഫിസ് കലക്ഷൻ ലിസ്റ്റ്
1. ബാഹുബലി: ദി കൺക്ലൂഷൻ (2017) : 1810 കോടി
2. ആർആർആർ (2022) : 1387 കോടി
3. ബാഹുബലി: ദി ബിഗിനിങ് (2015) : 650 കോടി
4. മഗധീര (2009) : 150.5 കോടി
5. ഈഗ (2012) : 130 കോടി
എസ്.എസ്. രാജമൗലിയുടെ മികച്ച അഞ്ച് ചിത്രങ്ങൾ ലോകമെമ്പാടുമായി 4100 കോടിയിലധികം രൂപയാണ് നേടിയത്.മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന SSMB29 ആണ് രാജമൗലിയുടെ അടുത്ത പ്രോജക്ട്. പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്.