തിരുവനന്തപുരം: രാജ്യത്ത് എച്ച്പിബി ആൻഡ് ജിഐ കാൻസർ ബാധിതരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് വിദഗ്ദ്ധർ. സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കോവളത്ത് ആരംഭിച്ച കാൻസർ സർജന്മാരുടെ ദ്വദിന ആഗോള ഉച്ചകോടിയിലാണ് വിദഗ്ദ്ധർ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഉദരാശയ കാൻസറിന് ശസ്ത്രക്രിയയാണ് ഏറ്റവും ഉചിതമായ പരിഹാരമെന്നും രോഗം നേരത്തെ തിരിച്ചറിയേണ്ടത് അനിവാര്യമാണെന്നും ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റൽ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ശൈലേഷ് വി ശ്രീകണ്ഠേ പറഞ്ഞു. ദിനംപ്രതി കാൻസർ രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ശസ്ത്രക്രിയയിൽ നൈപുണ്യമുളള സ്പെഷ്യലിസ്റ്റുകളെ സജ്ജമാക്കുവാൻ ഇത്തരത്തിലുള്ള ആഗോള ഉച്ചകോടി സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കാൻസർ പരിചരണ മേഖലയലെ സങ്കീർണതകളെ മറികടക്കുവാൻ സഹകരിച്ചുകൊണ്ടുള്ള പഠനം അനിവാര്യമായ കാലത്ത് കാൻസർ സർജറി വിദഗ്ദ്ധരുടെ ആഗോള സംഗമത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഉച്ചകോടിയുടെ ഓർഗനൈനിങ് സെക്രട്ടറിയും സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകനുമായ ഡോ. ബൈജു സേനാധിപൻ പറഞ്ഞു. ഇത്തരത്തിലുള്ള സംഗമത്തിലൂടെയാണ് ഗുണമേന്മയേറിയ രോഗീപരിചരണത്തിനുള്ള വഴികൾ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓങ്കോളജി സർജറിയിലെ വെല്ലുവിളികൾ നിറഞ്ഞ മേഖലയാണ് ജിഐ കാൻസറെന്നും ഇത്തരം ശാസ്ത്രീയ സംഗമങ്ങൾ സമീപനങ്ങൾ മെച്ചപ്പെടുത്തുവാൻ സഹായിക്കുമെന്നും ഗുരുഗ്രാം മെഡാന്റ മെഡ്സിറ്റിയിലെ ജിഐ കാൻസർ വിഭാഗം ചെയർമാൻ ഡോ. ആദർശ് ചൗധരി അഭിപ്രായപ്പെട്ടു.
രാജ്യത്തിനകത്തും പുറത്തും നിന്നുമായി നാനൂറിലധികം ജിഐ ആൻഡ് എച്ചപിബി കാൻസർ സർജന്മാർ പങ്കെടുക്കുന്ന ഉച്ചകോടിയിൽ പ്രീഹാബിലിറ്റേഷൻ, ഉദരാശയ കാൻസറുകളിലെ സങ്കീർണത കൈകാര്യം ചെയ്യൽ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകൾക്കാണ് സമ്മിറ്റ് വേദിയായത്. വൈകുന്നേരം നടന്ന ചടങ്ങിൽ ഡോ.കെ.പി ഹരിദാസ്, ഡോ. ആനന്ദ കുമാർ, ഡോ.ശുഭലാൽ എൻ എന്നിവർ ചേർന്ന് സമ്മിറ്റിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
ആദ്യ ദിനം രാവിലെ മുതൽ നടന്ന വിവിധ സെഷനുകൾ ശസ്ത്രക്രിയാ വിദഗ്ദ്ധരായ വെല്ലൂർ സിഎംസിയിലെ ഡോ. ഇനിയൻ സമരസം, തിരുവനന്തപുരം ആർസിസിയിലെ ഡോ. മധുമുരളി, ഡോ. ജി.വി റാവു, ഡോ. പ്രശാന്ത് പെനുമാട്( എസ്.വി.ഐ.സി.സി,തിരുപ്പതി), പ്രൊഫ. അബ്ദുൾ ലത്തീഫ്, പ്രൊഫ.ജോൺ എസ് കുര്യാൻ, ഡോ. പട്ട രാധാകൃഷ്ണൻ, ജപ്പാനിലെ ഓയിറ്റ യൂണിവേഴ്സിറ്റി പ്രൊഫ. സുയോഷി എറ്റോ, ഇറ്റലിയിലെ ഹ്യുമാനിറ്റാസ് യൂണിവേഴ്സിറ്റി പ്രൊഫ. ഗൊയ്ഡോ ടോർസിലി എന്നിവർ പങ്കെടുത്തു. സമ്മിറ്റിന്റെ രണ്ടാംദിനമായ ഇന്ന് ലാപ്പറോസ്കോപ്പി സർജറിയിൽ മികവ് പുലർത്തുന്ന വിദഗ്ദ്ധർക്ക് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ നൽകി വരുന്ന ഏകലവ്യ പുരസ്കാരം വിതരണം ചെയ്യും.