എച്ച് വിനോദ് ദളപതി വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കൊമേർഷ്യൽ എന്റർടൈനർ ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനോടകം തന്നെ ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ഇപ്പോഴിതാ സിനിമയുടെ ടീസർ അപ്ഡേറ്റിനെപ്പറ്റിയുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
വിജയ്‌യുടെ ജന്മദിനമായ ജൂൺ 22 ന് ജനനായകന്റെ ടീസറോ ആദ്യ ഗാനമോ പുറത്തുവിടുമെന്നാണ് ട്വിറ്റർ ഫോറങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നടന്റെ പിറന്നാൾ ദിനത്തിൽ വരാനിരിക്കുന്ന സിനിമകളുടെ അപ്ഡേറ്റ് പുറത്തുവിടുന്നത് പതിവാണ്. ഇത്തവണയും അത് തുടരുമെന്നാണ് റിപ്പോർട്ട്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ നേരത്തെ പുറത്തുവന്നിരുന്നു. സമ്മിശ്ര പ്രതികരണമായിരുന്നു പോസ്റ്ററിന് ലഭിച്ചത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. സിനിമയുടെ ഒടിടി സ്ട്രീമിങ് റൈറ്റ്സ് ആമസോൺ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 121 കോടിയ്ക്കാണ് ചിത്രം ആമസോൺ സ്വന്തമാക്കിയിരിക്കുന്നത്. ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ സ്ട്രീമിങ് തുകയാണ് ഇത്.
ബോബി ഡിയോൾ, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം- സത്യൻ സൂര്യൻ, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷൻ- അനിൽ അരശ്, കലാസംവിധാനം- വി സെൽവ കുമാർ, കൊറിയോഗ്രാഫി- ശേഖർ, സുധൻ, വരികൾ- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ- വീര ശങ്കർ.