+

രണ്ടുനേരം പോലും വയറുനിറച്ചു കഴിക്കാനില്ലാതിരുന്ന കേരളം അതിദരിദ്രരില്ലാത്ത നാടാകുന്നത് ഒരു ഭരണകൂടത്തിന്റെ കൃത്യമായ ഇടപെടല്‍ മൂലമാണെന്ന് മുരളി തുമ്മാരുകുടി

കേരളം അതിദരിദ്രരില്ലാത്ത നാടെന്ന പ്രഖ്യാപനം നടക്കുമ്പോള്‍ ഇതേക്കുറിച്ചുള്ള പ്രതികരണവുമായി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി.

കൊച്ചി: കേരളം അതിദരിദ്രരില്ലാത്ത നാടെന്ന പ്രഖ്യാപനം നടക്കുമ്പോള്‍ ഇതേക്കുറിച്ചുള്ള പ്രതികരണവുമായി യുഎന്‍ ഉദ്യോഗസ്ഥനായ മുരളി തുമ്മാരുകുടി. ഒരുകാലത്ത് ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന നാടായിരുന്നു ഇത്. അതിദരിദ്രര്‍ ഇല്ലാത്ത കേരളം ഒരു സുപ്രഭാതത്തില്‍ കേരളപ്പിറവി ദിനത്തില്‍ ആകസ്മികമായി സംഭവിച്ചതല്ല. അത് കരുതലുള്ള ഒരു ഭരണാധികാരിയുടെ, ഒരു ഭരണകൂടത്തിന്റെ, കൃത്യമായ ഇടപെടല്‍ മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,

അതി ദാരിദ്ര്യം തുടച്ചു മാറ്റപ്പെടുമ്പോള്‍ 
'അരിയെവിടെ തുണിയെവിടെ പറയൂ പറയൂ സര്‍ക്കാരേ'  
എന്റെ ചെറുപ്പകാലത്ത് പോലും മതിലുകളില്‍ ഉണ്ടായിരുന്ന മുദ്രാവാക്യമാണ് ഇത്.
ഐക്യകേരളം രൂപീകൃതമാകുമ്പോള്‍ ഇന്ത്യയിലെ ആളോഹരി വരുമാനത്തില്‍ ഏറ്റവും പുറകില്‍ നിന്നിരുന്ന ഒരു സംസ്ഥാനമായിരുന്നു കേരളം.
അരിക്കും തുണിക്കും ക്ഷാമം ഉണ്ടായിരുന്ന കേരളം. മൂന്നു നേരം പോയിട്ട് രണ്ടു നേരം പോലും ഭൂരിപക്ഷം പേര്‍ക്ക് വയര്‍ നിറച്ചു ഭക്ഷണം കഴിക്കാനില്ലാതിരുന്ന കേരളം. ഉടുതുണിക്ക് മറുതുണി ഇല്ലാതിരുന്ന ആളുകള്‍ ഉണ്ടായിരുന്ന കേരളം.
ആ കാലം മാറി.

ഇപ്പോള്‍ അത് നേരെ തിരിച്ചായി. ആളോഹരി വരുമാനത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്‍ നിരയില്‍ ആയി.
അതുകൊണ്ട് തന്നെ ഇന്ന് അരിക്കും തുണിക്കും വേണ്ടി കഷ്ടപ്പെടുന്ന കേരളം ചരിത്രമാണ്.
ഇതൊന്നും തന്നെ ഉണ്ടായതല്ല. അതിന്റെ കാരണങ്ങള്‍ എണ്ണിപ്പറയുകയല്ല ഇന്നത്തെ പോസ്റ്റിന്റെ ലക്ഷ്യം.
ആളോഹരി വരുമാനത്തില്‍ നമ്മള്‍ ഏറെ മുന്നോട്ടു പോകുമ്പോള്‍ നമ്മുടെ വികസന പാതയില്‍ പുതിയ വെല്ലുവിളികള്‍ ആണ്.
ആയുര്‍ദൈര്‍ഖ്യം കൂടുന്ന ഒരു തലമുറയെ കൈകാര്യം ചെയ്യേണ്ട വിഷയം.

അമിതഭക്ഷണവും വേണ്ടത്ര വ്യായാമം ഇല്ലാത്തതും മൂലമുണ്ടാകുന്ന പൊണ്ണത്തടിയും ജീവിത ശൈലീരോഗങ്ങളും ഉണ്ടാക്കുന്ന വിഷയങ്ങള്‍ 
നമ്മുടെ ചുറ്റിലും ലഭ്യമായ തൊഴിലുകള്‍ നമ്മുടെ പുതിയ തലമുറയുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ഉയരാത്തതിന്റെ വിഷയങ്ങള്‍ 
ഉയര്‍ന്ന വരുമാനം ഉണ്ടാക്കുന്ന ഉപഭോഗം സൃഷ്ടിക്കുന്ന പരിസ്ഥിതി പാദമുദ്ര 
കൃഷി കുറയുകയും നഗരവല്‍കരണം കൂടുകയും ചെയ്യുന്നത് ഉണ്ടാക്കുന്ന വിഷയങ്ങള്‍ 
കേരളം വിവിധ സൂചികകളില്‍ ഇന്ത്യയിലെ നമ്പര്‍ വണ്‍ ആവുകയും സമൂഹം പൊതുവേ സമ്പന്നമാവുകയും ചെയ്യുമ്പോള്‍ ഭരിക്കുന്ന ഭരണകൂടത്തിന് ഭൂരിപക്ഷത്തിന്റെ താല്പര്യത്തിനനുസരിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനായിരിക്കും താല്പര്യം. ജനാധിപത്യത്തിന്റെ കണക്കു കൂട്ടലും അത്തരത്തില്‍ ആണ് ഇന്‍സെന്റീവ് നല്‍കുന്നത്.

അതുകൊണ്ടാണ് നവംബര്‍ ഒന്നാം തിയതി കേരളം അതിദാരിദ്ര്യ വിമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുമ്പോള്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നത്. 
 സംസ്ഥാനം പൊതുവെ സമ്പന്നമായപ്പോഴും തങ്ങളുടേതായ കാരണങ്ങളാല്‍ അല്ലാതെ അതി ദാരിദ്ര്യത്തില്‍ പെട്ട ഒരു ചെറിയ ശതമാനം ആളുകള്‍ നമ്മുടെ ചുറ്റും ഉണ്ടായിരുന്നു. നമ്മള്‍ മിക്കവരും അവരുടെ സാന്നിധ്യം ശ്രദ്ധിച്ചിട്ടുകൂടിയില്ല.

പക്ഷെ ഇപ്പോഴത്തെ നമ്മുടെ ഭരണകൂടം ഇക്കാര്യത്തില്‍ കാണിച്ച കരുതല്‍ എടുത്തു പറയേണ്ടതാണ്.  അതി ദാരിദ്ര്യത്തില്‍ ഉള്ളവര്‍ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ താഴെ ആയിട്ടു പോലും തിരഞ്ഞെടുപ്പുകളുടെ കണക്കുകൂട്ടലുകളില്‍ പ്രസക്തമല്ലാത്ത  ഒരു വോട്ട് ബാങ്ക് അല്ലാതിരുന്നിട്ടും അരിയെവിടെ തുണിയെവിടെ എന്ന മുദ്രാവാക്യം മതിലുകളില്‍ നിന്നും അപ്രത്യക്ഷമായിട്ടും അതി ദരിദ്രരെ സര്‍ക്കാര്‍ മറന്നില്ല. 
അതി ദരിദ്രരെ കണ്ടെത്തി അവരെ അതില്‍ നിന്നും മോചിപ്പിക്കാനുള്ള കൃത്യമായ പ്ലാനിങ്ങോടെ ഉള്ള ഒരു "whole of government" രീതിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഇതിനെപ്പറ്റി ഖമ്യമുൃമസമവെ ആവമസെമൃമി വളരെ വിശദമായ ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്, വായിച്ചിരിക്കേണ്ടതാണ്.
അതി ദരിദ്രര്‍ ഇല്ലാത്ത കേരളം  ഒരു സുപ്രഭാതത്തില്‍ കേരളപ്പിറവി ദിനത്തില്‍ ആകസ്മികമായി സംഭവിച്ചതല്ല. അത് കരുതലുള്ള ഒരു ഭരണാധികാരിയുടെ, ഒരു ഭരണകൂടത്തിന്റെ, കൃത്യമായ  ഇടപെടലാണ്. 
അനുമോദിക്കപ്പെടേണ്ടതാണ്. ആഘോഷിക്കേണ്ട നേട്ടമാണ്. മലയാളിയെന്നതില്‍ വീണ്ടും അഭിമാനിക്കുന്ന നിമിഷമാണ്.

facebook twitter