
ജപ്പാനിൽ പകർച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ വർധനവ്. പകർച്ചപ്പനി വ്യാപനം സാധാരണയുണ്ടാകുന്നതിനേക്കാൾ നേരത്തെയാണ് ഇക്കുറി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ ആഴ്ചകളിലായി 4000-ത്തിലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഒക്കിനാവ, ടോക്യോ, കഗോഷിമ എന്നിവിടങ്ങളിലാണ് വിഷയം രൂക്ഷമായിരിക്കുന്നത്. കുട്ടികളിൽ വൈറസ് അതിവേഗം പടരുന്നതിനാൽ രാജ്യവ്യാപകമായി ഒട്ടേറെ സ്കൂളുകളും കിന്റർഗാർട്ടനുകളും ശിശുസംരക്ഷണ കേന്ദ്രങ്ങളും അടച്ചു. പാരിസ്ഥിതിക മാറ്റങ്ങൾ, ക്രമരഹിതമായ കാലാവസ്ഥ, കുറഞ്ഞ വാക്സിനേഷൻ നിരക്കുകൾ എന്നിവ കാരണം വരും വർഷങ്ങളിൽ നേരത്തെയുള്ളതും തീവ്രവുമായ രോഗവ്യാപനമുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ, ജനങ്ങളോടും വിനോദസഞ്ചാരികളോടും വാക്സിൻ എടുക്കാൻ ജപ്പാനിലെ ആരോഗ്യ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഫ്ലൂ കുത്തിവെപ്പുകൾ രോഗബാധ തടയാനും രോഗത്തിൻ്റെ തീവ്രത കുറയ്ക്കാനും സഹായിക്കും. കുട്ടികൾ, പ്രായമായവർ, മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവർ, ഗർഭിണികൾ എന്നിവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
വൈറ്റമിനുകൾ, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ സമ്പുഷ്ടമായ സമീകൃതാഹാരം കഴിക്കുക.
ആവശ്യത്തിന് ഉറങ്ങുന്നത് രോഗപ്രതിരോധ ശേഷിക്ക് അത്യാവശ്യമാണ്.
പുകവലിയും മദ്യപാനവും ഒഴിവാക്കാം.
മികച്ച ആരോഗ്യത്തിനായി മാനസിക സമ്മർദ്ദം നിയന്ത്രിക്കുക.
ഇടയ്ക്കിടെ കൈകൾ കഴുകുക.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മുഖവും മറച്ചുപിടിക്കാം.
ശുചിത്വം പാലിക്കുക.