ഭക്ഷണങ്ങള്‍ക്ക് തനതായ രുചിയും മണവും നല്‍കുന്നതില്‍ കറിവേപ്പിലയുടെ പങ്കു വളരെ വലുതാണ്. നമ്മുടെ ഒട്ടുമിക്ക വിഭവങ്ങളിലെയും ഒരു പ്രധാന ചേരുവയുമാണ് കറിവേപ്പില. ആരോഗ്യപ്രദമായ ഗുണങ്ങള്‍ പോലും കറിവേപ്പില നല്‍കുന്നുണ്ട്. എന്നാല്‍ കീടനാശിനി അടങ്ങിയ കറിവേപ്പിലയാണ് മിക്കപ്പോഴും നമുക്ക് പച്ചക്കറികടകളില്‍ നിന്നും ലഭിക്കാറുള്ളത്. കറിവേപ്പിലയില്‍ അടങ്ങിയിട്ടുള്ള വിഷാംശം കളയാനുള്ള എളുപ്പവഴികള്‍ എന്തൊക്കെയെന്ന് നോക്കാം.
ഉപ്പും വിനാഗിരിയും
ഏറ്റവും എളുപ്പമുള്ള മാര്‍ഗമാണിത്. ഉപ്പും വിനാഗിരിയും ചേര്‍ത്ത് ഒരു ലായനി ഉണ്ടാക്കുക. ശേഷം കറിവേപ്പില ഈ വെള്ളത്തില്‍ ഇട്ടുവെക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി ഉപ്പ് കറിവേപ്പിലയുടെ പ്രതലത്തില്‍ നിന്ന് വിഷവസ്തുക്കളെ ഇളക്കിക്കളയുകയും വിനാഗിരിയുടെ അസിഡിറ്റി രാസവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു.
ലായനി ഉണ്ടാക്കാനായി ആവശ്യത്തിന് വെള്ളം എടുത്ത ശേഷം
ഒരു ടേബിള്‍സ്പൂണ്‍ ഉപ്പും രണ്ട് ടേബിള്‍ സ്പൂണ്‍ വിനാഗിരിയും ചേര്‍ക്കുക. ശേഷം ആവശ്യമായ കറിവേപ്പില ഒരു പത്ത് പതിനഞ്ചുമിനിട്ട് മുക്കിവെക്കുക. ശേഷം ശുദ്ധമായ വെള്ളത്തില്‍ കഴുകി എടുത്ത ശേഷം ഉപയോഗിക്കാം.
പുളിവെള്ളത്തില്‍ മുക്കിവെക്കാം
പുളിവെള്ളത്തില്‍ 15 മിനിറ്റോളം കറിവേപ്പില ഇട്ടുവെക്കുന്നതു വഴി കറിവേപ്പിലയിലെ കീടനാശിനി കളയാന്‍ സഹായിക്കുന്നു. പുളിവെള്ളത്തില്‍ അടങ്ങിയിട്ടുള്ള അസിഡിറ്റിയാണ് കറിവേപ്പിലയില്‍ അടങ്ങിയ കീടനാശിനികളെ നശിപ്പിക്കുന്നത്.
ബേക്കിംഗ് സോഡയില്‍ ഇട്ടുവെക്കുക
അരടീസ്പൂണ്‍ ബേക്കിംഗ് സോഡ, ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് ഉണ്ടാക്കുന്ന വെള്ളത്തില്‍ കറിവേപ്പില ഒരു പത്ത് മിനിറ്റ് ഇട്ടുവെക്കുക. ബേക്കിംഗ് സോഡക്ക് കീടനാശിനികളെയും മറ്റ് രാസമാലിന്യങ്ങളെയും നശിപ്പിക്കാന്‍ ശേഷിയുണ്ട്.
മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ന്ന മിശ്രിതം
മഞ്ഞളിന് വിഷാംശം നീക്കം ചെയ്യാനുള്ള കഴിവുള്ളതിനാല്‍ ഈ മിശ്രിതവും ഉപയോഗിക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളത്തിലേക്ക് ഒരു ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് ലയിപ്പിക്കുക. ഇതിലേക്ക് കറിവേപ്പില ഒരു 15 മിനിറ്റ് മുക്കിവെക്കുക. ശേഷം ശുദ്ധജലത്തില്‍ കഴുകി എടുത്ത് ഉപയോഗിക്കാവുന്നതാണ്.
കറിവേപ്പില വൃത്തിയാക്കുമ്പോള്‍ എപ്പോഴും ഇലകള്‍ തണ്ടില്‍ നിന്ന് അടര്‍ത്തിയെടുക്കാതെ തണ്ടോടു കൂടി വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക